FILE PHOTO: Vessels in the Strait of Hormuz near Bandar Abbas, Iran, May 4, 2026. Amirhosein Khorgooi/ISNA/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo

യുദ്ധവാസാനത്തിന്‍റെ സൂചന നല്‍കുന്ന വാര്‍ത്ത പുറത്തുവിട്ട് ഇറാന്‍ മാധ്യമങ്ങള്‍. ഹോര്‍മൂസ് കടലിടുക്കില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്തിരിയാന്‍ പദ്ധതിയിടുന്നതായും കടലിടുക്ക് തുറക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതുമായുമാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങൾ നീണ്ട സംഘർഷത്തിനുശേഷം സംഘർഷം കുറയ്ക്കുന്നതിനുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇതുവരെ അന്തിമരൂപം നൽകിയിട്ടില്ലാത്ത കരട് നിർദ്ദേശം അവതരിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം ഹോര്‍മുസും തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം  ഇറാന്‍ തിരിച്ചടിച്ചിരുന്നു. അമേരിക്കയുടെ MQ -9 ഡ്രോണ്‍ വീഴ്ത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. RQ-4 , F 35 വിമാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍റെ ആകാശത്ത് നിന്ന് യുദ്ധവിമാനങ്ങള്‍ക്ക് പിന്തിരിഞ്ഞോടേണ്ടി വന്നുവെന്നും ഐആര്‍ജിസി പറയുന്നു.ഇസ്രയേലിന്‍റെ അന്ത്യമടുത്തുവെന്നും 15 വര്‍ഷങ്ങള്‍ക്കകം ഇസ്രയേല്‍ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞു. ഇതിന് ശേഷമാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറലിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കവെയായിരുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബന്ദര്‍ അബ്ബാസിലും ഹോര്‍മുസിനടുത്തും മിസൈല്‍ ലോഞ്ചിങ് പാഡുകള്‍ക്ക് നേരെയും യുഎസ് സൈന്യം ആക്രമണം നടത്തിയത്. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്നതിന് ഇറാന്‍റെ മേല്‍ സമ്മര്‍ദമേറ്റുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറെക്കുറെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നാലെ ട്രംപിന്‍റെ പ്രതികരണവും പുറത്തുവന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുകയോ, അമേരിക്കയ്ക്ക് താല്‍പര്യമുള്ള രാജ്യത്തിന് കൈമാറുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ വേണമെന്നാണ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള ഭീഷണി. എന്നിരുന്നാലും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇറാനില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Iran peace efforts are indicated by reports suggesting a US military withdrawal from the Hormuz Strait, with Iran planning to reopen the strait. These developments come amidst ongoing tensions and an Iranian media report about a draft proposal to de-escalate the conflict.