ബെല്‍ജിയത്തെ നടുക്കി സ്കൂള്‍ ബസ് ദുരന്തം. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെ വടക്കന്‍ ബെല്‍ജിയത്തിലുള്ള ബഗര്‍നോട്ട് ഗ്രാമത്തില്‍ ലെവല്‍ക്രോസ് വഴി കടന്നുപോയ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. കുട്ടികളുമായി പോയ മിനി ബസ് ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഏഴ് കുട്ടികളും സൂപ്പര്‍വൈസറും ഡ്രൈവറുമാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. രണ്ട് കുട്ടികളടക്കം നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
എത്ര കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ പൊലീസോ ഭരണകൂടമോ തയാറായില്ല. നടുക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് പൊലീസ് വക്താവ് ഫെഡറിക് സാക്ര്‍ പറഞ്ഞു. സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള സ്റ്റേഷനില്‍ നിര്‍ത്തേണ്ട ട്രെയിനാണ് സ്കൂള്‍ ബസില്‍ ഇടിച്ചത്. പരുക്കേറ്റ കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് ക്വിന്‍റിന്‍ എക്സില്‍ കുറിച്ചു.
ട്രെയിന്‍ യാത്രക്കാരില്‍ ആര്‍ക്കും പരുക്കില്ല. പെട്ടെന്നുണ്ടായ ആഘാതത്തില്‍ അവശരായ ചിലര്‍ക്ക് ചികില്‍സ നല്‍കി വരികയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുമായി സ്പെഷല്‍ എജ്യുക്കേഷന്‍ സ്കൂളിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്.