Photo Courtesy: OCHA/Sayed Habib Bidell
അഫ്ഗാനിസ്ഥാന്‍ ചരിത്രത്തിലിന്നോളം കാണാത്ത സാമ്പത്തികക്കെടുതിയിലെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശമാധ്യമങ്ങളിലൂടെയാണ് രാജ്യത്തിനകത്തു നിന്നുള്ള വാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത്. നേരം വെളുത്തു തുടങ്ങുമ്പോള്‍ ഒഴിഞ്ഞ വയറുമായി ഓരോ പിതാക്കന്‍മാരും തൊഴില്‍ തേടിയിറങ്ങും. ഘോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചഗ്ചരനില്‍ സമാനമായ കാഴ്ചയാണ്. നൂറോളം പേരാണ് കുഞ്ഞുമക്കള്‍ക്ക് റൊട്ടിയെങ്കിലും വാങ്ങി നല്‍കാനായി അതിരാവിലെ ഇറങ്ങുന്നത്. വഴിയോരങ്ങളില്‍ ജോലി തേടിയിരിക്കുന്ന ആ മുഖങ്ങള്‍ക്കെല്ലാം ഒരേ ഭാവം, ഒട്ടിയ കവിളുകള്‍, കുഴിഞ്ഞ കണ്ണുകള്‍, പ്രതീക്ഷയുടെ നാമ്പ് പോലുമില്ലാത്ത നോട്ടം, ഇതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗം പിതാക്കന്‍മാരുടെ ജീവിതാവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
45കാരനായ ജുമാഖാന് കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളില്‍ 4 ദിവസമാണ് ജോലി ലഭിച്ചത്. കുഞ്ഞുമക്കള്‍ തുടര്‍ച്ചയായി ഒട്ടിയ വയറുമായി ഉറങ്ങാന്‍ പോലുമാകാതെ മലര്‍ന്നും കമിഴ്ന്നും കിടക്കുന്നത് കണ്ട് ആ പിതാവിന് ചങ്കു പൊട്ടുകയാണ്. ഭാര്യ നിര്‍ത്താതെ കരയുന്നു, വിശപ്പ് താങ്ങാനാവാതെ മക്കളും, കുഞ്ഞുമക്കളുടെ ചലനമില്ലാത്ത ദേഹം കാണേണ്ടിവരുമെന്ന ഭീതിയോടെയാണ് ഓരോ ദിവസവും ഉറക്കമുണരുന്നത്. അല്‍പം ഭക്ഷണ വാങ്ങാനായി അയല്‍ക്കാരോടെല്ലാം താന്‍ കേണപേക്ഷിച്ചുവെന്നും ജുമാ ഖാന്‍ പറയുന്നു. അയല്‍വീടുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.
Image: AP
രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പട്ടിണിയാണ് നേരിടുന്നത്. 4.7ദശലക്ഷം ആളുകള്‍ കൊടുംപട്ടിണിക്ക് തൊട്ടടുത്താണ്. പട്ടിണി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രവിശ്യയാണ് ഘോര്‍. കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ട് പലപ്പോഴും ജീവനൊടുക്കാന്‍ തോന്നിയെന്ന് ഘോര്‍ നിവാസി റബാനി പറയുന്നു. എങ്കിലും തന്റെ കുടുംബത്തെ ഓര്‍ക്കുമ്പോള്‍ അതിനും സാധിക്കുന്നില്ല. ഖ്വാജ അഹമ്മദിന് പറയാനുള്ളതും പട്ടിണിയുടേയും വേദനയുടേയും കഥകളാണ്. മൂത്തമകന്‍ പട്ടിണി സഹിക്കാനാവാതെ മരിച്ചു, ഇളയവരെ രക്ഷിക്കാനായി ജോലി ചെയ്യാന്‍ ശ്രമിച്ചാല്‍ പ്രായാധിക്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ആരും ജോലി നല്‍കുന്നുമില്ലെന്ന് ഖ്വാജ പറയുന്നു.
ഇളയ കുട്ടികള്‍ക്ക് ആഹാരം നല്‍കാനായി തന്റെ മൂത്ത പെണ്‍മക്കളെ വില്‍ക്കാന്‍ തയാറാവുന്ന നിസഹായരായ പിതാക്കന്‍മാരേയും ഇവിടെ കാണാം. അബ്ദുൾ റഷീദ് അസീമിയുടെ പെണ്‍മക്കള്‍ക്ക് വെറും 7വയസാണ് പ്രായം. ‘എന്റെ പെണ്‍മക്കളെ വില്‍ക്കാന്‍ ഞാന്‍ തയാറാണ്, തന്റെ ഇരട്ടകളായ പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് അബ്ദുൾ റഷീദ് അസീമിയെന്ന പിതാവ് പറയുന്നു. ‘ഞാന്‍ പാവപ്പെട്ടവനാണ്, കടബാധ്യതയുണ്ട്, ജോലി കഴിഞ്ഞ് വരുമ്പോള്‍ വരണ്ട ചുണ്ടുകളുമായി കുഞ്ഞുങ്ങള്‍ വന്ന് ആഹാരം ചോദിക്കുന്നു, തനിക്ക് ജോലിയില്ലാതെ എന്ത് ചെയാനാകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വിവാഹത്തിനോ വീട്ടുജോലിക്കോ മക്കളെ നല്‍കാമെന്ന് ഇയാള്‍ കരഞ്ഞുകൊണ്ട് പറയുന്നു. ഒരു മകളെ വിറ്റാല്‍ ബാക്കിയുള്ള കുട്ടികള്‍ക്ക് നാല് വര്‍ഷത്തേക്കെങ്കിലും ഭക്ഷണം നല്‍കാനാകും, ഹൃദയഭേദകമെങ്കിലും ഇതു മാത്രമാണ് പോംവഴിയെന്നും അസീമി കൂട്ടിച്ചേര്‍ക്കുന്നു.
അഫ്ഗാന്‍ സംസ്കാരത്തില്‍ ആണ്‍മക്കളെ കുടുംബം പുലര്‍ത്തുന്നവരായാണ് കാണുന്നത്. മാത്രമല്ല താലിബാന്‍ ഭരണത്തിന്‍ കീഴിലെ വിലക്കുകള്‍ കൂടി വന്നതോടെ ഇത്തരം ചിന്തകള്‍ക്ക് ആക്കം കൂടി. വിവാഹസമയത്ത് ആൺകുട്ടിയുടെ കുടുംബം പെൺകുട്ടിയുടെ കുടുംബത്തിന് സമ്മാനം നൽകുന്ന ഒരു ആചാരവും ഇവിടെയുണ്ട്. അതോടെ പെണ്‍മക്കള്‍ കുടുംബത്തിന്റെ ജീവിതോപാധിയായി മാറുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും സൂചനകളുണ്ട്.
അപ്പെന്‍ഡിസൈറ്റിസും കരളില്‍ നീര്‍ക്കെട്ടും കണ്ടെത്തിയ 5വയസുകാരി മകളുടെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ മറ്റൊരാള്‍ക്ക് വില്‍ക്കേണ്ടിവന്ന കാഴ്ചയും സയീദ് അഹമ്മദ് എന്ന പിതാവിന് പറയാനുണ്ട്. സയീദ് അഹമദിന്റെ മകളെ വാങ്ങിയ ബന്ധു അവളുടെ ശസത്രക്രിയ നടത്തിയതായും ഇയാള്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് അഫ്ഗാനിലെ നാലില്‍ മൂന്നുപേര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യമില്ല. പട്ടിണിയുടെ കൊടുമുടിയിലാണ് രാജ്യമെന്നാണ് ബിബിസി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴിലില്ലായ്മ അതിരൂക്ഷം, തകര്‍ന്ന ആരോഗ്യരംഗം, രാജ്യത്തേക്ക് വരുന്ന വിദേശസഹായങ്ങള്‍ മുന്‍പുണ്ടായിരുന്നതിന്റെ ചെറിയൊരംശമായി മാറിയതോടെയാണ് ഇത്രയും കൊടിയ ദാരിദ്ര്യാവസ്ഥ രാജ്യത്ത് സംജാതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ടുവര്‍ഷം മുന്‍പുവരെ ഇതായിരുന്നില്ല അവസ്ഥയെന്നും വിദേശസഹായം ലഭിക്കാതായതോടെയാണ് ഈ അവസ്ഥയിലേക്ക് രാജ്യം തള്ളിമാറ്റപ്പെട്ടതെന്നും വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാന് ഏറ്റവും കൂടുതൽ സഹായം നൽകിയിരുന്ന അമേരിക്ക കഴിഞ്ഞ വർഷം രാജ്യത്തിനുള്ള മിക്കവാറും എല്ലാ സഹായങ്ങളും നിർത്തലാക്കി. യുകെ ഉൾപ്പെടെയുള്ള മറ്റ് പ്രധാന രാജ്യങ്ങളും സംഭാവനകൾ ഗണ്യമായി കുറച്ചു. നിലവിലെ യുഎൻ കണക്കുകൾ പ്രകാരം ഈ വർഷം ലഭിച്ച സഹായം മുൻവർഷങ്ങളെ അപേക്ഷിച്ച് 70% കുറവാണ്. രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളെ ബാധിച്ച കടുത്ത വരൾച്ചയും പ്രശ്നങ്ങൾ വീണ്ടും സങ്കീർണ്ണമാക്കുകയാണ്.
Image: Reuters
2021-ൽ അധികാരം പിടിച്ചെടുത്ത താലിബാൻ സർക്കാറാവട്ടേ മുന്‍ സര്‍ക്കാറുകളേയാണ് ഇക്കാര്യത്തിനു കുറ്റപ്പെടുത്തുന്നത്. 20 വർഷത്തെ അധിനിവേശ കാലത്ത്, യുഎസ് ഡോളറിന്റെ വരവ് കാരണം രാജ്യത്തൊരു കൃത്രിമ സമ്പദ്‌വ്യവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടതെന്നും അധിനിവേശത്തിന്റെ അവസാനത്തോടെ പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, എന്നിവയാണ് രാജ്യത്തിനു ലഭിച്ചതെന്നും താലിബാന്‍ വക്താക്കള്‍ ആവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കാടന്‍ നിയമങ്ങളാണ് വിദേശ ശക്തികളെ അകറ്റിയതെന്ന ആരോപണം താലിബാന്‍ തള്ളുകയാണ്. മാനുഷികമായി ലഭിക്കുന്ന സഹായങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും താലിബാന്‍ പറയുന്നു. മാത്രമല്ല വലിയ സാമ്പത്തിക പദ്ധതികള്‍ നടപ്പിലാക്കി തൊഴിലവസരം കൂട്ടാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും വക്താക്കള്‍ വ്യക്തമാക്കുന്നു.
പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണനിരക്കും രാജ്യത്ത് കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യമാദ്യം ചലനമറ്റ് കിടക്കുന്ന കുഞ്ഞുദേഹങ്ങള്‍ കാണുമ്പോള്‍ വലിയ അസ്വസ്ഥതയാണ് അനുഭവിച്ചിരുന്നതെന്നും ഇപ്പോഴിതൊരു സ്ഥിരം കാഴ്ചയായതോടെ മനസ് മരവിക്കപ്പെട്ടുവെന്നും ഡോക്ടര്‍മാരും നഴ്സുമാരും പറയുന്നു. ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ആവശ്യത്തിന് മരുന്ന് നല്‍കാന്‍ പോലുമാകുന്നില്ലെന്നും ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ സ്വാധീനത്തില്‍ നിന്നും മാറിയ രാജ്യങ്ങളുടെ ജീര്‍ണിച്ച അവസ്ഥയാണ് വിദേശരാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിലൂടെ തുറന്നു കാട്ടപ്പെടുന്നതെന്ന് ഇതിനിടെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും ഒരു പരിധിവരെ ഇവയെല്ലാം ശരിയാണെന്ന് ബോധ്യമാകുന്ന ദൃശ്യങ്ങള്‍ കൂടിയാണ് പലപ്പോഴും പുറത്തുവരുന്നതെന്നതും കാണാതിരിക്കാനാവില്ല.