ഇറാനുമായി കരാറോ വീണ്ടും യുദ്ധമോ? തീരുമാനം നാളെയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ധാരണയെത്താനുള്ള സാധ്യത ഫിഫ്റ്റി–ഫിഫ്റ്റിയാണെന്നും ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യുഎസ് ഉന്നതസംഘം വിലയിരുത്തുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് ഭീഷണി. അതിനിടെ, ടെഹ്റാനിലെത്തിയ പാക് സൈനികമേധാവി അസിം മുനീര്‍ ഇറാന്‍ വിദേശകാര്യമന്ത്രി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്രംപുമായി ഫോണില്‍ സംസാരിച്ചു. ഹോര്‍മുസ് നിയന്ത്രണം, യുറേനിയം സമ്പുഷ്ടീകരണം എന്നീ വിഷയങ്ങളിലാണ് യുഎസും ഇറാനുമായി അഭിപ്രായ ഭിന്നത തുടരുന്നത്.
ഇറാന്‍ ജനതയുടെ അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇസ്ലാമാബാദിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത സ്പീക്കര്‍ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ ഇറാന്റെ സായുധ സേന ശേഷി വർധിപ്പിച്ചുവെന്നും ഖാലിബാഫ് വ്യക്തമാക്കി.
Also Read: 'ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ ഞങ്ങള്‍ മോശം കാര്യങ്ങൾ ചെയ്യും'; ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്
ചൊവ്വാഴ്ച ഇറാനിൽ ബോംബിടാൻ സൈന്യത്തോട് ഉത്തരവിടുന്നതിന് ഒരുമണിക്കൂർ മുൻപു മാത്രമാണു നടപടി വേണ്ടെന്നു വച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പുതിയ ശുപാർശകൾ വച്ച സാഹചര്യത്തിലാണ് ആക്രമണം റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഇറാൻ നേതാക്കൾ കരാറിനായി കെഞ്ചി. അതുകൊണ്ട് തൽക്കാലം വേണ്ടെന്നുവച്ചു. എന്നാൽ, രണ്ടോ മൂന്നോ ദിവസത്തിനകം ധാരണയാകുന്നില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്നും ട്രംപ് വ്യക്തമാക്കി.
കനത്ത തിരിച്ചടി യുഎസ് താവളങ്ങളിലുണ്ടാകുമെന്ന് ട്രംപിനു ബോധ്യമുള്ളതുകൊണ്ടാണ് ആക്രമണം വേണ്ടെന്നു വച്ചതെന്നാണ് ഇറാന്റെ പ്രതികരണം.
തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയ 6 ഡ്രോണുകൾ 48 മണിക്കൂറിനിടെ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 17ന് ബറാക്ക ആണവോർജ നിലയത്തിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു.