**EDS: THIRD PARTY IMAGE** In this image posted on May 17, 2026, Prime Minister Narendra Modi interacts with his Netherlands counterpart Rob Jetten as he emplanes for Sweden after concluding his visit to the country, in Netherlands. (@MEAIndia/X via PTI Photo)(PTI05_17_2026_000335B)
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്നുമുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍റെ പ്രസ്താവന തള്ളി ഇന്ത്യ. ചടുലമായ ജനാധിപത്യമാണ് ഇന്ത്യയിലുള്ളതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ചുമുള്ള അറിവില്ലായ്മയെ തുടര്‍ന്നാണെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ബലികഴിക്കാതെയാണ് ഇന്ത്യ സാമ്പത്തിക– സാമൂഹിക മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ആറിലൊന്ന് ജനങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ആറിലൊന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 11 ശതമാനമായിരുന്നു ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ. ഇന്നത് 20 ശതമാനത്തിലേറെയാണ്. മറ്റേത് രാജ്യത്താണ് ഇതുപോലെ ന്യൂനപക്ഷങ്ങള്‍ വളര്‍ന്നത്? എവിടെയും കാണാന്‍ കഴിയില്ല. 5000 വര്‍ഷം പഴക്കമുള്ള സംസ്കാരമാണ് ഇന്ത്യയുടേത്. അത് നാനാത്വത്തില്‍ അധിഷ്ഠിതമാണ്. ഹിന്ദു,ബുദ്ധ, ജൈന, സിഖ് മതങ്ങള്‍ ഉദയം ചെയ്തത് ഇന്ത്യയിലാണ്. ഇന്ത്യയെ കുറിച്ച് അടിസ്ഥാനപരമായ അറിവില്ലാത്തവരാണ് മറ്റ് പ്രസ്താവനകള്‍ നടത്തുന്നതെന്നും സിബി ജോര്‍ജ് വിശദീകരിച്ചു.
ഡച്ച് പ്രധാനമന്ത്രി പറഞ്ഞതെന്ത്? 'ഇന്ത്യയിലെ സ്ഥിതിഗതികളില്‍ ഡച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. അത് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ കാര്യത്തിലും കുറവല്ല. കടുത്ത സമ്മര്‍ദമാണ് ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് ഇക്കാര്യങ്ങള്‍ നിരന്തരം ഡച്ച് സര്‍ക്കാര്‍ ഇന്ത്യയുമായി സംസാരിക്കാറുണ്ട്'- എന്നായിരുന്നു മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഡച്ച് പ്രധാനമന്ത്രി ജെറ്റന്‍റെ പ്രതികരണം.