കോംഗോയില്‍ വീണ്ടും പുതിയ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. 246 പേർക്ക് രോഗം ബാധിച്ചിട്ടുള്ളതായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. 65 മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. കോംഗോയിലെ എബോള ബാധ നിര്‍മാര്‍ജനം ചെയ്തതായി പ്രഖ്യാപിച്ച് 5മാസത്തിന് ശേഷമാണ് വീണ്ടും രോഗബാധ.
മോങ്‌വാലു, റുവാമ്പാറ ആരോഗ്യ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും പുതിയ എബോള കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംശയാസ്പദമായ കേസുകൾ ബുനിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ ഗുരുതരമായ പകര്‍ച്ചവ്യാധിയാണ് എബോള വൈറസ്. ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഈ രോഗം പകരാം. രോഗബാധിതരുമായുളള സമ്പര്‍ക്കത്തിലൂടെയോ എബോള വൈറസ് ബാധയേറ്റ് മരിച്ചവരുടെ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം വരാം.
മൃഗങ്ങളിലൂടെയും എബോള വൈറസ് മനുഷ്യരിലേക്ക് പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലാണ് എബോള വൈറസ് പ്രധാനമായും കാണപ്പെട്ടിട്ടുളളത്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. വൈറസ് ശരീരത്തിലെത്തി രണ്ട് മുതൽ 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും. തലവേദന, പനി, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം.
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് കോംഗോയില്‍ എബോള വ്യാപനം റിപ്പോര്‍ട്ട് ചെയ്തതില്‍ 43 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1976ലാണ് കോംഗോയിൽ ആദ്യമായി എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടത്.