പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീലങ്കയിലെ മുതിര്‍ന്ന ബുദ്ധ സന്യാസി പിടിയില്‍. 71കാരനായ പല്ലേഗാമാ ഹെമരത്ന തെരോയാണ് അറസ്റ്റിലായത്. ശ്രീലങ്കയിലെ എട്ട് വിശുദ്ധ ബൗദ്ധ കേന്ദ്രങ്ങളുടെ മുഖ്യാധിപനായും സംരക്ഷകനായും പ്രവര്‍ത്തിക്കുന്ന ഹെമരത്ന തെരോ ബൗദ്ധ ലോകത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. 2022ലെ ലൈംഗികാതിക്രമ പരാതിയിലാണ് ഹെമരത്ന തെരോ അറസ്റ്റിലായിരിക്കുന്നത്.

ലൈംഗികാതിക്രമത്തിന് കൂട്ട് നിന്നതിന് 15കാരിയുടെ അമ്മയും പിടിയിലായിട്ടുണ്ട്. പീഡന പരാതിക്ക് പിന്നാലെ ഹെമരത്ന തെരോയ്ക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. അറസ്റ്റ് വൈകരുതെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസ് ഹെമരത്ന തെരോയെ അറസ്റ്റ് ചെയ്തത്. കൊളംബോയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച ഹെമരത്ന തെരോയെ അറസ്റ്റ് ചെയ്തത്. പ്രതി രാജ്യം വിട്ട് രക്ഷപ്പെടാതിരിക്കാനായി കുടിയേറ്റ വകുപ്പിനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന പദവിയിലുള്ള മതനേതാവിനെ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത് രാജ്യത്തെ ബുദ്ധമത സമൂഹത്തിനിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രീലങ്കയില്‍ അതീവ ഗൗരവകരമായ കുറ്റകൃത്യമായതിനാൽ  പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ശ്രീലങ്കയിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധമത വിഭാഗങ്ങളിലൊന്നിലെ മുതിർന്ന സന്യാസിയാണ് പിടിയിലായിരിക്കുന്നത്. 

ENGLISH SUMMARY:

Sri Lankan Buddhist monk arrested for child sexual assault. The 71-year-old senior monk, head of eight sacred Buddhist sites, was arrested following a 2022 complaint, with his alleged accomplice, the victim's mother, also detained.