Image; Reuters
അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ആഡംബരക്കപ്പല്‍ ജീവനക്കാരില്‍ ഹാന്‍റാവൈറസ് വ്യാപിക്കുന്നത് ഇന്ത്യയിലും ആശങ്ക പടര്‍ത്തുന്നു. മൂന്ന് ജീവനക്കാര്‍ മരിക്കുകയും എട്ട് പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിക്കുകയും ചെയ്ത കപ്പലില്‍ നിലവില്‍ ഇന്ത്യന്‍ജീവനക്കാരുമുണ്ട്.
അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച എംവി ഹോണ്ടിയസ് എന്ന ആഡംബര പര്യവേഷണ കപ്പല്‍ നിലവില്‍ അറ്റ്ലാന്‍റിക്കിലെ കേപ് വെര്‍ഡിയ്ക്ക് സമീപമാണ് നങ്കൂരമിട്ടിരിക്കുന്നത്. ക്രൂ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 143 പേരാണ് കപ്പലിലുള്ളത്. മൂന്ന് വിദേശ വിനോദസഞ്ചാരികളാണ് ഹാന്റാവൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ബ്രിട്ടണ്‍, അമേരിക്ക, ജര്‍മനി, സ്പെയിന്‍, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് വിനോദസഞ്ചാരികളായുള്ളത്. കപ്പലിലെ ജീവനക്കാരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് അധികൃതര്‍ പുറത്തുവിട്ട പട്ടികയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ ആരോഗ്യസ്ഥതിയോ സംബന്ധിച്ച് വിവരങ്ങളൊന്നും അധികൃതര്‍ കൈമാറിയിട്ടില്ല. രോഗലക്ഷണങ്ങളില്ലാത്തവര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.
വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഹാന്റാവൈറസ് എലികളിലൂടെയാണ് സാധാരണയായി മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. മരണനിരക്ക് കൂടുതലാണെന്നതാണ് ഈ വൈറസ് ബാധയെ അല്‍പം ഭീതിയോടെ കാണാന്‍ കാരണം. കടുത്ത പനി, ശ്വാസതടസ്സം, പേശീവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. സാധാരണയായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാറില്ലെങ്കിലും, ഈ കപ്പലിൽ കാണപ്പെട്ട വൈറസ് അപൂർവ്വമായി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കപ്പൽ ഇപ്പോൾ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് യാത്ര തിരിക്കാനൊരുങ്ങുകയാണെന്നും തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നുമാണ് സൂചന. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സാഹചര്യം നിരീക്ഷിച്ചു വരികയാണ്.