ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്‍റെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനായി ഫണ്ട് സമാഹരിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ വാർഷിക ഫാഷൻ വിരുന്നാണ് മെറ്റ് ഗാല (Met Gala). സാധാരണയായി മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ച നടക്കുന്ന ഈ പരിപാടിയില്‍ സെലിബ്രിറ്റികൾ, ഡിസൈനർമാർ, ഫാഷൻ പ്രമുഖർ എന്നിവർ ഒരു പ്രത്യേക തീം അനുസരിച്ച് വസ്ത്രധാരണം നടത്തി വിരുന്നിനെത്താറുണ്ട്. വിലകൂടിയ വസ്ത്രങ്ങളും വിചിത്രമായ വസ്ത്രങ്ങളും മെറ്റ് ഗാലയില്‍ സാധാരണമാണ്. ലോക കോടീശ്വരന്‍മാരും ചടങ്ങിലെ സ്ഥിരം അതിഥികളാണ്. എന്നാല്‍ ഇത്തവണത്തെ മെറ്റ് ഗാല തൂക്കിയത് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ്. ഇഷ വിരുന്നിനായി ധരിച്ച വസ്ത്രവും അതിന്‍റെ ഡിസൈനും അതിലുപരി അതിന്‍റെ ഏകദേശ വിലയുമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
1200 മണിക്കൂര്‍ സമയമെടുത്ത് നേരിയ സ്വര്‍ണനൂലുകള്‍ കൊണ്ട് കൈത്തറിയില്‍ നെയ്തെടുത്ത ടിഷ്യു സാരിയാണ് ഇഷയുടെ പ്രധാന വസ്ത്രം.ഇത് കൂടാതെ രാജസ്ഥാനിലെ പിച്‌വായി ഡിസൈനില്‍ എംബ്രോയ്ഡറി സ്വര്‍ണനൂലുകള്‍ കൊണ്ട് സാരിയെ അലങ്കരിക്കുന്നു. സാരിയെ കൂടാതെ സ്വര്‍ണനൂലുകളാല്‍ തീര്‍ത്ത ഒരു ഷോളും ഇഷ ധരിച്ചു. ഇത് കൂടാതെ 1800 കാരറ്റ് വരുന്ന വജ്രങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്ലൗസാണ് ഇഷ ധരിച്ചത്. 250 കാരറ്റിന്‍റെ വജ്രമാലയും ഇതിന് ഒത്ത നടുക്കായി 50 കാരറ്റിന്‍റെ ഒരു മരതകവും ഉണ്ടായിരുന്നു.
പ്രശസ്ത ഡിസൈനറായ സുബോദ് ഗുപ്തയുടെ സ്റ്റീല്‍ മാങ്ങ പഴ്സായിരുന്നു വസ്ത്രധാരണത്തിലെ മറ്റൊരു പ്രത്യേകത. ഇഷ അംബാനിയുടെ കോസ്റ്റ്യൂമിന് മെറ്റ് ഗാലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ എത്രയായിരിക്കും ഇതിന് വില എന്ന ചോദ്യവും ഉയര്‍ന്നു.
ബ്രാന്‍ഡിന്‍റെയും സ്വര്‍ണത്തിന്‍റെയും വജ്രങ്ങളുടെയും വിലയും പണിക്കൂലിയുമെല്ലാം കൂട്ടി 200 കോടി രൂപയാണ് ഏകദേശം വിലമതിക്കുന്നത്.
ഇതിന് മുന്‍പും ഇഷ മെറ്റ് ഗാലയില്‍ തന്‍റെ വസ്ത്രങ്ങളുമായി തിളങ്ങിയിട്ടുണ്ട്. 2024ല്‍ 10000 മണിക്കൂര്‍ എടുത്ത് നെയ്ത റിവര്‍ ഓഫ് ലൈഫ് എന്ന വസ്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കൂടാതെ 2023ലും 2019ലും ഇഷ മെറ്റ് ഗാലയില്‍ എത്തിയിട്ടുണ്ട്.