shakeera-stageshow-accident

കൊളംബിയൻ പോപ്പ് ഗായിക ഷക്കീറയുടെ സംഗീതപരിപാടിക്കായി വേദിയൊരുക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ബ്രസീലിലെ കൊപകബാന ബീച്ച്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മെയ് 2-ന് നടക്കാനിരിക്കുന്ന മെഗാ ഷോയ്ക്ക് വേണ്ടി സ്റ്റേജ് തയാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലിഫ്റ്റ് ഉപയോഗിച്ച് സ്റ്റേജിന്റെ കൂറ്റൻ ലോഹഭാഗങ്ങൾ ഉയർത്തുന്നതിനിടെ അവ പൊട്ടിവീഴുകയും തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിക്കുകയുമായിരുന്നു. അരയ്ക്ക് താഴെ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഴ്ചകളായി നൂറുകണക്കിന് തൊഴിലാളികൾ രാപ്പകൽ അധ്വാനിച്ചാണ് റിയോ ഡി ജനീറോയിലെ മണൽത്തരികളിൽ പടുകൂറ്റൻ വേദി ഒരുക്കുന്നത്. 

അപകടത്തെത്തുടർന്ന് നിർത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച പുനരാരംഭിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ കച്ചേരി സംഘാടകരായ 'ബോണസ് ട്രാക്ക്', മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഷക്കീറ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു ജീവൻ നഷ്ടമായതിന്റെ വേദനയിലും നിശ്ചയിച്ച പ്രകാരം കച്ചേരിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

ഷക്കീറയുടെ റെക്കോർഡ് ബ്രേക്കിങ് ലോക പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന സൗജന്യ കച്ചേരി കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് എത്തുക.

ENGLISH SUMMARY:

A construction worker tragically lost his life while setting up the stage for pop star Shakira's upcoming mega-concert at Copacabana Beach, Brazil. The accident occurred when heavy metal structures fell during lifting. Despite the tragedy, organizers confirmed the free concert, part of her record-breaking world tour, will proceed as scheduled on May 2nd.