Image: Reuters
578 കിലോമീറ്റര്‍ വേഗതയില്‍ പറക്കവേ പൈലറ്റ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ദക്ഷിണകൊറിയന്‍ വ്യോമസേന. 2021ലുണ്ടായ അപകടത്തിന്റെ പേരിലാണ് ക്ഷമാപണം വന്നിരിക്കുന്നത്. വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ സെൽഫിയെടുക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ഓഡിറ്റർമാർ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ നടപടി. പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് വഴിവെച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിമാനം കൂട്ടിയിടിപ്പിച്ച പൈലറ്റിന് 88 ദശലക്ഷം വോണ്‍ ( ഏകദേശം 55 ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു. അന്നത്തെ അപകടം തങ്ങളുടെ പൈലറ്റിന്റെ പിഴവായിരുന്നുവെന്നും ഹൃദയത്തില്‍തൊട്ട് മാപ്പപേക്ഷിക്കുന്നുവെന്നും ദക്ഷിണകൊറിയന്‍ വ്യോമസേന വ്യക്തമാക്കി. അപകടത്തിനു കാരണക്കാരനായ പൈലറ്റിനെ ഉടന്‍ തന്നെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നുവെന്നും പിന്നീട് പിരിച്ചുവിട്ടെന്നും വ്യോമസേന പ്രസ് മീറ്റില്‍ വ്യക്തമാക്കി.
മറ്റൊരു യൂണിറ്റിലേക്ക് മാറ്റം കിട്ടിയ പൈലറ്റ് ജോലി ചെയ്യുന്ന യൂണിറ്റിലെ അവസാന ആകാശയാത്ര അവിസ്മരണീയമാക്കാനാണ് സെല്‍ഫിയെടുക്കാനും വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചത്. മാത്രമല്ല മറ്റൊരു വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനോടും തന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം തന്നെ മറ്റു പൈലറ്റുമാരുമായി ആശയവിനിമയം നടത്താതെ വിമാനം 137 ഡിഗ്രി ചരിച്ചും മറ്റ് വിമാനങ്ങൾക്ക് അരികിലൂടെ പറപ്പിച്ചും അപകടയാത്ര നടത്തി. ഇതിനിടെ വിമാനത്തിന്റെ വാലിലെ സ്റ്റബിലേറ്റർ ഭാഗം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു. ഇന്നലെയാണ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഓഡിറ്റ് ആന്റ് ഇന്‍സ്പെക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ദേഗില്‍വച്ച് 2021ഡിസംബറിലാണ് യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. രണ്ട് എഫ്–15കെ യുദ്ധവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെങ്കിലും 880മില്ല്യണ്‍ വോണ്‍ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. വിങ്മാന്‍ പൈലറ്റാണ് അപകടത്തിന് പ്രധാന ഉത്തരവാദിയെങ്കിലും വ്യോമസേനയെക്കൂടി കുറ്റപ്പെടുത്തും വിധത്തിലുള്ള റിപ്പോര്‍ട്ടാണ് ഓഡിറ്റ് വിഭാഗം നടത്തുന്നത്. അതേസമയം പറക്കലുമായി ബന്ധപ്പെട്ട സുരക്ഷാ നിയമങ്ങള്‍ കടുപ്പിക്കുമെന്നും അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ദക്ഷിണ കൊറിയന്‍ വ്യോമസേന വ്യക്തമാക്കുന്നു.