trump-us-president-1904

ലോകത്തെ മുൾമുനയിൽ നിർത്തി ഹോർമുസ് കടലിടുക്കിൽ സംഘർഷം തുടരുന്നതിനിടെ, ഇറാനുമായുള്ള രണ്ടാംഘട്ട നേരിട്ടുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം നാളെ ഇസ്‌ലാമാബാദിലെത്തും. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകൾക്കായി യു.എസ് സംഘം തിങ്കളാഴ്ച വൈകിട്ടോടെ എത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഇറാൻ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ചർച്ചാ വിവരം ട്രംപ് പങ്കുവെച്ചത്. സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കുമ്പോഴും ഇറാനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ വെടിയുതിർത്തതിലൂടെ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ട്രംപ് ആരോപിച്ചു.  ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്ന് വാഷിംഗ്ടൺ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.

"നമുക്ക് കടന്നുപോകാൻ കഴിയില്ലെങ്കിൽ മറ്റുള്ളവർക്കും ആ പാത അസാധ്യമായിരിക്കും. നയതന്ത്ര മേഖലയിൽ ഇറാൻ പിന്നോട്ടില്ല," എന്ന് ഇറാന് വേണ്ടി മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെ ഉപരോധം "അജ്ഞതയിൽ നിന്നുള്ള തീരുമാനമാണെന്നും" അദ്ദേഹം ആക്ഷേപിച്ചു.

ഇന്ത്യൻ പതാകയുള്ള രണ്ട് വ്യാപാര കപ്പലുകൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഇന്ത്യ ഇറാന്റെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. നേരത്തെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നെങ്കിലും നിലവിലെ സംഘർഷം ഗതാഗതത്തെ വീണ്ടും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

അതിനിടെ രണ്ടാംഘട്ട ചർച്ചകൾക്ക് വേദിയാകുന്ന ഇസ്‌ലാമാബാദിൽ പാകിസ്ഥാൻ സുരക്ഷ ശക്തമാക്കി. അമേരിക്കയുടെ മുൻകൂർ സുരക്ഷാ സംഘങ്ങൾ ഇതിനകം തന്നെ പാകിസ്ഥാനിൽ എത്തിയതായാണ് വിവരം. ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിർത്തൽ നീട്ടുന്ന കാര്യത്തിലാകും ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിക്കുക.  

ENGLISH SUMMARY:

US Iran talks are set to resume in Islamabad, mediated by Pakistan, amid ongoing tensions in the Hormuz Strait. President Trump announced the upcoming diplomatic engagement, emphasizing continued pressure on Iran.