Imags: X
ചൈനയില്‍ വയോധികന്‍റെ ശവസംസ്കാര ചടങ്ങുകള്‍ക്ക് മൃതദേഹത്തോടൊപ്പം അടക്കം ചെയ്തത് ഒന്നരക്കോടിയുടെ ബെന്‍സ്! വടക്കൻ ലിയോണിങ് പ്രവിശ്യയിലാണ് സംഭവം. കാറുകളോട് പ്രിയമുള്ള എഴുപതുകാരന്‍റെ മൃതദേഹത്തോടൊപ്പമാണ് അദ്ദേഹത്തിന്‍റെ കുടുംബം ബെന്‍സും അടക്കം ചെയ്തത്. 1.49 കോടി രൂപ (15 ലക്ഷം യുവാൻ) വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് S450L മോഡല്‍ കാറാണ് മണ്ണില്‍ കുഴിച്ചിട്ടത്. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ‘8888’ ലൈസൻസ് പ്ലേറ്റിന് കുറഞ്ഞത് 13.6 ലക്ഷം രൂപ (100,000 യുവാൻ) വിലയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സൗത്ത് ചൈന മോർണിങ് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം, കാറിനെ ചുവന്ന തുണി പുതപ്പിച്ചായിരുന്നു അടക്കം. വശങ്ങളിലെ കണ്ണാടികളിൽ ചുവന്ന റിബണുകളും കെട്ടിയിരുന്നു. സംസ്കാരം കഴിഞ്ഞതോടെ വാഹനം കുഴിച്ചിടാന്‍ സഹായിച്ചവര്‍ക്ക് 6,812 രൂപയും (500 യുവാൻ) കുടുംബം സമ്മാനമായി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തുകയും ചെയ്തു.
ശവ സംസ്കാരത്തിലും കുടുംബം തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിക്കുകയാണെന്നാണ് നെറ്റിസണ്‍സ് വിമര്‍ശിച്ചത്. ‘ഇത് പരിഹാസ്യമാണ്. അവർ മരണാനന്തര ജീവിതത്തെക്കുറിച്ച് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ, പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് അവർ ഉണ്ടാക്കുന്ന മലിനീകരണത്തെ അവഗണിക്കുന്നു’ ഒരാള്‍ കുറിച്ചു. ‘വിവരമില്ലാത്ത ഇത്തരം സമ്പന്നരാണ് ലോകത്തിന്‍റെ യഥാർഥ പ്രശ്നം. അവർ മറ്റേതെങ്കിലും നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നും അധികാരികൾ പരിശോധിക്കണം’ എന്ന് ആവശ്യപ്പെട്ട് മറ്റൊരാളും രംഗത്തെത്തി. അതേസമയം, വിമര്‍ശനങ്ങളെ തള്ളിയ ബന്ധുക്കള്‍ ദുഃഖസൂചകമായാണ് ഇത് ചെയ്തതെന്നാണ് പ്രവൃത്തിയെ ന്യായീകരിച്ച് പറഞ്ഞത്.
സംഭവത്തില്‍ വിമര്‍ശനം കടുത്തതോടെ പ്രാദേശിക അധികൃതരും ഇടപെട്ടു. 'ഫ്യൂഡൽ അന്ധവിശ്വാസം' എന്നാണ് പ്രാദേശിക ഭരണകൂടം പ്രവൃത്തിയെ വിശേഷിപ്പിച്ചത്. കുടുംബത്തെ ശാസിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കാര്‍ പുറത്തെടുക്കാനും സ്ഥലം വൃത്തിയാക്കാനും പ്രദേശം പഴയതുപോലെയാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെല്ലാമുള്ള ചെലവുകൾ കുടുംബം വഹിക്കേണ്ടിവരും. പൊതുമാപ്പും പിഴയും ശിക്ഷയായി ഒപ്പം ലഭിച്ചേക്കാം.
പരമ്പരാഗതമായി, ചൈനീസ് ശവസംസ്കാര ചടങ്ങുകളിൽ ഇത്തരത്തില്‍ വീടുകളുടെയും കാറുകളുടെയും വീട്ടുപകരണങ്ങളുടെയും പേപ്പർ പകർപ്പുകൾ കത്തിക്കാറുണ്ട്. മരണപ്പെട്ടവര്‍ക്ക് സുഖകരമായ മരണാനന്തര ജീവിതം ഉറപ്പാക്കാനാണ് ഈ ചടങ്ങുകള്‍ എന്നാണ് വിശ്വാസം.