Image: x
ഇന്തോനേഷ്യയിലെ തന്ത്രപ്രധാനമായ ലോംബോക്ക് കടലിടുക്കിനും ബാലിക്കും ഇടയില്‍ ചൈനയുടെ സമുദ്രാന്തര്‍ നിരീക്ഷണ ഉപകരണം (അണ്ടര്‍സീ മോണിറ്ററിങ് ഡിവൈസ്) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മല്‍സ്യ തൊഴിലാളികളാണ് 3.7 മീറ്റർ നീളമുള്ള ടോര്‍പ്പിഡോ ആകൃതിയിലുള്ള ഉപകരണം കണ്ടെത്തിയത്. ഇതോടെ ഏറെ നിര്‍ണയകമായ ലോംബോക്ക് കടലിടുക്കില്‍ ചൈന ചാരപ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
ചൈനയുടെ 710 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഡീപ്-സീ റിയൽ-ടൈം ട്രാൻസ്മിഷൻ സിസ്റ്റമാണിതെന്നാണ് സമുദ്ര പ്രതിരോധ വിശകലന വിദഗ്ധര്‍ പറയുന്നത്. സമുദ്രത്തിന്‍റെ ആഴങ്ങൾ മാപ്പ് ചെയ്യാനും പ്രവാഹങ്ങളും താപനിലയും നിരീക്ഷിക്കാനും ഇതിന് സാധിക്കും. ശബ്ദ സിഗ്നലുകൾ ശേഖരിക്കുന്നതുവഴി മേഖലയിലൂടെ കടന്നുപോകുന്ന അന്തർവാഹിനികളെ ട്രാക്ക് ചെയ്യാനുള്ള കഴിവും ഈ ഉപകരണത്തിനുണ്ട്. ഈ ഉപകരണം ചൈനയിലേക്ക് സിഗ്നലുകൾ അയച്ചതായും ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷന്റെ റിപ്പോർട്ട് പറയുന്നു.
ബാലി കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര പാതയാണ് ലോംബോക്ക് കടലിടുക്ക്. തിരക്കേറിയ മലാക്ക കടലിടുക്കിന് ഒരു ബദൽ മാർഗം കൂടി ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. മലാക്ക കടലിടുക്കിന് പകരമായി ലോംബോക്ക് കടലിടുക്ക് ഉപയോഗിക്കാൻ കഴിയുന്നതിനാൽ ലോംബോക്ക് കടലിടുക്കിന്റെ പ്രാധാന്യം ചൈനയെ സംബന്ധിച്ച് വളരെ വലുതാണ്. മലാക്ക കടലിടുക്ക് ആഴം കുറഞ്ഞതും ഇടുങ്ങിയതുമായ ജലാശയമാണെങ്കില്‍ ലോംബോക്ക് അങ്ങിനെയല്ല. ലോംബോക്കില്‍ ഒരു അന്തർവാഹിനിക്ക് ഉപരിതലത്തിലൂടെ അല്ലാതെ വെള്ളത്തിനടിയിലൂടെ തന്നെ സഞ്ചരിക്കാന്‍ സാധിക്കും. വലിയ കപ്പലുകൾക്കും കടന്നുപോകാം.
അതേസമയം, ചൈനയുടെ ഓരോ നീക്കങ്ങളും ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ലോംബോക്ക് കടലിടുക്കിലെ നിരീക്ഷണം അത്ര എളുപ്പമാകില്ല. കൂടാതെ ഇവിടെ നിരീക്ഷിക്കാൻ ഓസ്‌ട്രേലിയയെ ആശ്രയിക്കേണ്ടി വന്നേക്കുകയും ചെയ്യാം. അതേസമയം, ചൈന ഇത് സംബന്ധിച്ചുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുണ്ട്.