ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്ക് നേരെ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ആർക്കും പരിക്കേറ്റിട്ടില്ല. കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല, എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍‌ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടർന്ന് രണ്ട് കപ്പലുകൾക്കും തിരിച്ചുപോകേണ്ടിവന്നു. കപ്പലുകളിൽ ഒന്ന് വലുതും ദീർഘദൂര ക്രൂഡ് കൈമാറ്റങ്ങള്‍ക്കായി രൂപകൽപ്പന ചെയ്തതുമായ വിഎല്‍സിസി ആണ്.

അതേസമയം, സംഭവത്തെത്തുടർന്ന്, ഇന്ത്യ ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിന് ഇറാൻ നേരത്തെ സൗകര്യമൊരുക്കിയിരുന്നുവെന്നും ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ ആശങ്ക ഇറാനിലെ അധികാരികളെ അറിയിക്കണമെന്നും കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ വേഗം പുനരാരംഭിക്കണമെന്നും അംബാസഡറോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടുന്നതായി ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാത്തതിനാലാണ് നടപടിയെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സായുധ സേനയുടെ കർശന മേൽനോട്ടത്തിൽ പഴയ അവസ്ഥയിലായെന്നും ഇറാന്‍ പറഞ്ഞു. തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പുനസ്ഥാപിക്കും വരെ കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇതുമൂലം നിരവധി വാണിജ്യ കപ്പലുകള്‍ ഹോര്‍മൂസിലൂടെ കടന്നുപോകാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലബനന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഹോര്‍മുസ് തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന്, വെള്ളിയാഴ്ച കടലിടുക്ക് വീണ്ടും തുറക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആണവ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ ടെഹ്‌റാനുമായി ധാരണയിലെത്തുന്നതുവരെ ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. കപ്പലുകള്‍ തടഞ്ഞതായി യുഎസ് സൈന്യവും അറിയിച്ചിരുന്നു. ബുധനാഴ്ചയ്ക്കകം കരാറിലെത്തിയില്ലെങ്കില്‍ വീണ്ടും ഇറാനെ ആക്രമിക്കുമെന്നും ട്രംപിന്‍റെ മുന്നറിയിപ്പുണ്ട്.

ENGLISH SUMMARY:

Tensions flared in the Strait of Hormuz as two Indian-flagged vessels, including a Very Large Crude Carrier (VLCC), were targeted by gunfire while attempting to navigate the strategic waterway. Although no casualties or structural damages were reported, both ships were forced to retreat. In response, India's Ministry of External Affairs summoned the Iranian Ambassador to express grave concern, reminding Tehran of its prior commitments to ensure safe passage for Indian vessels. The incident coincides with Iran's Islamic Revolutionary Guard Corps (IRGC) re-closing the strait due to the ongoing US naval blockade. US President Donald Trump has vowed to maintain sanctions until a nuclear deal is reached, further escalating the maritime crisis.