Image Credit : Twitter/X

ഭരണകൂട വിരുദ്ധപ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ദമ്പതിമാര്‍ക്ക് വധശിക്ഷ വിധിച്ച് ഇറാന്‍. പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായിരുന്ന  ബിത ഹമേതി ഭര്‍ത്താവ് മുഹമ്മദ്റേസ മജീദ് അസ്ൽ എന്നിവര്‍ക്കാണ് വധശിക്ഷ. ജനുവരിയില്‍ നടന്ന  പ്രക്ഷോഭത്തില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യവനിതയാണ് ബിത ഹമേതി. പ്രക്ഷോഭത്തില്‍  പങ്കാളികളായ ഒട്ടേറെ പേരുടെ വധിശിക്ഷ ഇറാന്‍ ഭരണകൂടം ഇതിനോടകം തന്നെ നടപ്പാക്കിക്കഴിഞ്ഞു.  

ബിതയ്ക്കും ഭര്‍ത്താവിനും പുറമേ മറ്റ്  രണ്ട് പുരുഷന്മാര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. സായുധസേനയെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ഫോടകവസ്തുക്കളുടെ ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിതയുടെയും ഭര്‍ത്താവിന്‍റെയും മറ്റ് രണ്ടുപേരുടെയും വിചാരണ നടന്നത് ഒരുമിച്ചായിരുന്നു. വധശിക്ഷയ്ക്ക് പുറമേ ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്റാനിൽ വെച്ചാണ് ഇവരെല്ലാവരും അറസ്റ്റിലായത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ജനുവരിയില്‍ നടന്ന ഭരണകൂട വിരുദ്ധപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത്. പതിനായിരിക്കണക്കിന് ആളുകള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിലും പലരും ഇതിനോടകം വധശിക്ഷയ്ക്ക് വിധേയരായി. ബാക്കിയുളളവര്‍ വിചാരണയും വധശിക്ഷയും കാത്ത് കിടക്കുന്നു. അതേസമയം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഇറാന്‍ നടപ്പിലാക്കുന്ന വധശിക്ഷ സമ്പ്രദായത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും മറ്റും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ആഭ്യന്തര സുരക്ഷാ നടപടികൾ താറുമാറാണെന്നും വലിയ തോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Iran has sentenced a couple, Bita Hemati and Mohammadreza Majd Asl, to death for their participation in anti-government protests. Bita Hemati is the first woman to receive a death sentence for her role in the January protests, which have seen numerous other executions by the Iranian regime.