വിക്ടര്‍ ഓർബന്‍, പീറ്റർ മഗ്യാർ
ഹംഗറിയില്‍ തീവ്രവലതു പക്ഷത്തിന്റെ ഭരണം അവസാനിച്ചു. കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ ആഗോള വലതുപക്ഷത്തിനിടയിൽ ആരാധ്യപുരുഷനായി മാറിയ വിക്ടര്‍ ഓർബന്‍ തിരഞ്ഞെടുപ്പില്‍ വന്‍തോല്‍വി. 16 വർഷം സ്വന്തം പാർട്ടിയെ അധികാരത്തിൽ നിലനിർത്താനായി മാധ്യമങ്ങൾ, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് സംവിധാനം എന്നിവയെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വരുതിയിലാക്കിയ ഓര്‍ബന്റെ പതനം ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടാക്കും.
ഇത് തീവ്രവലതുപക്ഷ ഭരണം അവസാനിച്ചതിന്റെ ആഘോഷം. ഹംഗറിയിൽ 16 വർഷം നീണ്ട തീവ്ര വലതുപക്ഷ ഭരണത്തിന് അന്ത്യം. പ്രധാനമന്ത്രി വിക്ടർ ഓർബനും അദ്ദേഹത്തിന്റെ ഫിഡെസ് പാർട്ടിക്കും അധികാരം നഷ്ടമായി. രാജ്യത്ത് ജനാധിപത്യ നിലവാരം പുനഃസ്ഥാപിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച പീറ്റർ മഗ്യാർ പ്രഖ്യാപിച്ചു. രാജ്യം യൂറോപ്പിനൊപ്പം ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവാഴ്ച പുനഃസ്ഥാപിക്കാൻ ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ ഉപയോഗിക്കില്ല. നീതിന്യായ വ്യവസ്ഥയുടെയും അന്വേഷണ ഏജൻസികളുടെയും സ്വാതന്ത്ര്യം ഉറപ്പാക്കുക സർക്കാരിന്റെ കടമ.
ഹംഗറിയിൽ ജനാധിപത്യ മൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്നും യൂറോപ്യൻ യൂണിയൻ ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുമെന്നും മഗ്യാർ വാഗ്ദാനം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും റഷ്യയുടെയും അനുഭാവിയായ പ്രധാനമന്ത്രി വിക്ടർ ഓർബനെതിരെ നേടിയ വൻ വിജയത്തിനു പിന്നാലെയാണ് മഗ്യാറിന്റെ പ്രഖ്യാപനം. ഈ വിജയം ഹംഗറിയെ യൂറോപ്യൻ യൂണിയന്റെ മുഖ്യധാരയിൽ ഉറപ്പിച്ചു നിർത്തുമെന്ന് കരുതപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം യുക്രെയ്നും ആശ്വാസമായി.
16 വർഷം അധികാരത്തിലിരുന്ന വിക്ടർ ഓർബൻ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുകയും യുക്രെയ്നുള്ള വായ്പ തടയുകയും ചെയ്തിരുന്നു. ട്രംപും യുഎസിലെ യാഥാസ്ഥിതികരും ഏറെക്കാലമായി മാതൃകയാക്കിയിരുന്ന ഓര്‍ബന്റെ പതനം സഖ്യകക്ഷി രാഷ്ട്രീയക്കാരെ സഹായിക്കാനുള്ള ട്രംപിന്റെ ശേഷി കുറഞ്ഞതിന്റെ ഓർമപ്പെടുത്തലെന്ന് വിലയിരുത്തുന്നു. സാഹചര്യങ്ങൾ പ്രതികൂലമായിരിക്കുമ്പോഴും പ്രതിപക്ഷത്തിന് വിജയിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായി ഹംഗറിയിലെ ഭരണമാറ്റം.