Image Credit: facebook/katherine.g.carter
രണ്ടു വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ പട്ടിണിക്കിട്ട് കൊന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്‍ഡ്യാനയിലാണ് നടുക്കുന്ന സംഭവം. എറിക് റിച്ചാര്‍ഡെന്ന കുഞ്ഞാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. കടുത്ത പീഡനമാണ് കുഞ്ഞ് നേരിട്ടതെന്നാണ് പൊലീസിന്‍റെയും കോടതിയുടെയും കണ്ടെത്തല്‍. വിശന്ന് വലഞ്ഞ കുട്ടി സ്വന്തം ഡയപ്പര്‍ ഒടുവില്‍ പിച്ചിത്തിന്നുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കുട്ടിയുടെ വയറിനുള്ളില്‍ കണ്ടെത്തിയത്.
കുട്ടി ഡയപ്പര്‍ പിച്ചി തിന്നുന്നത് മാതാപിതാക്കള്‍ നോക്കി നിന്നുവെന്നും അതിന് ശേഷം 14 മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായതെന്നും പൊലീസ് പറയുന്നു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവര്‍ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് വിവരം അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ട്രെവര്‍ റിച്ചാര്‍ഡ് ഹെയ് (39), കാതറീന്‍ കാര്‍ട്ടര്‍ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൊലീസില്‍ വിവരം ലഭിച്ചത്. മകന്‍ അനങ്ങുന്നില്ലെന്ന് ഭാര്യ പറയുന്നുവെന്നായിരുന്നു റിച്ചാര്‍ഡ് ഹെയ് പൊലീസില്‍ അറിയിച്ചത്. തലേന്ന് രാത്രി 11 മണിയോടെയാണ് കുഞ്ഞ് 'ഉറങ്ങി'യതെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. എമര്‍ജന്‍സി സര്‍വീസിലുള്ളവര്‍ കുഞ്ഞിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടമായത് തിരിച്ചറിയുകയായിരുന്നു. മൃതദേഹത്തിന് നീലയും മഞ്ഞയും നിറമായിരുന്നു.
രണ്ട് വയസുകാരന് 11 കിലോയെങ്കിലും കുറഞ്ഞത് വേണമെന്നിരിക്കെ ആറുകിലോയില്‍ താഴെ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തിലാകമാനം ചെറുജീവികള്‍ കടിച്ചതിന്‍റെ പാടുകളും കണ്ടെത്തി. മാതാപിതാക്കള്‍ കുട്ടിയെ ഒട്ടും ശ്രദ്ധിച്ചിരുന്നില്ലെന്നും ആവശ്യമായ പോഷകങ്ങളോ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഭക്ഷണമോ നല്‍കിയില്ലെന്നും പൊലീസ് പറയുന്നു.
വൃത്തിഹീനമായ അന്തരീക്ഷമാണ് കുഞ്ഞിനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ഉണ്ടായിരുന്നതെന്നും ഡയപ്പറിന്‍റെ കഷ്ണവും പൊടിയും, പാറ്റായും പല്ലിയും ഉറുമ്പുമെല്ലാം മുറിയില്‍ നിറയെ ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മാതാപിതാക്കളുടെ മുറി പൊലീസ് പരിശോധിച്ചപ്പോള്‍ അത് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. മരിച്ച കുഞ്ഞിനെ കൂടാതെ രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ടെന്നും ഇവരുടെ ആരോഗ്യസ്ഥിതിയും പരിതാപകരമാണെന്നും കണ്ടെത്തി. ഇവരെ വീട്ടില്‍ നിന്നും ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.