ഭക്ഷണത്തില്‍ സോസ് മാറിയതിന് ഹോട്ടലുടമയ്ക്ക് നേരെ തോക്ക് ചൂണ്ടിയ യുവാവിന് മൂന്ന് വര്‍ഷം തടവ്. യുകെയില്‍ കഴിഞ്ഞവര്‍ഷമാണ് സംഭവമരങ്ങേറിയത്. ക്രിസ്മസിന് റസ്റ്ററന്‍റില്‍ വിളിച്ച് 18കാരനായ മാര്‍വാന്‍ കദീര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. പിന്നീട് യുവാവ് പാഴ്സല്‍ വാങ്ങുകയും മടങ്ങുകയും ചെയ്തു.
എന്നാല്‍ അല്‍പസമയത്തിന് ശേഷം വീണ്ടും യുവാവ് റസ്റ്ററന്‍റില്‍ എത്തുകയാണ്. കുപിതനായി കൗണ്ടറിലെത്തിയ യുവാവ് തന്‍റെ തോക്ക് ഉടമയുടെ തലയില്‍ കുത്തി എന്തുകൊണ്ട് തനിക്ക് ബര്‍ഗര്‍ സോസ് തന്നു, തനിക്ക് മൂന്ന് ഗാര്‍ലിക് സോസും മൂന്ന് മയൊണൈസുമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. ‘ഞാന്‍ നിന്നെ കൊല്ലും നിനക്ക് വട്ടാണോ’ എന്നും യുവാവ് ചോദിക്കുന്നുണ്ട്.
രണ്ട് മിനുറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിന്നീട് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവാവിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പരിശോധനയില്‍ തോക്ക് വ്യാജതോക്കായിരുന്നെന്നും കണ്ടെത്തി. തോക്ക് വ്യാജമാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും യുവാവ് കടയിലുള്ളവരെ മാനസിക സംഘര്‍ഷത്തിലാക്കിയെന്നും കോടതി നിരീക്ഷിച്ചു. യുവാവിന്‍റെ പ്രായം കണക്കിലെടുത്താണ് മൂന്ന് വര്‍ഷം മാത്രം ശിക്ഷ നല്‍കിയതെന്നും കോടതി പറഞ്ഞു.