പൊതുസ്ഥലങ്ങളില്‍ ഹ്യൂമനോയിഡ് റോബോട്ട് ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന ചോദ്യമുയര്‍ത്തുന്ന മറ്റൊരു സംഭവം കൂടി വാര്‍ത്തയാവുന്നു. ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. നൃത്തത്തിനിടെ റോബോട്ട് നേരെതിരിഞ്ഞ് കുട്ടിയുടെ മുഖത്തടിക്കുന്നൊരു വിഡിയോ ആണ് സൈബറിടത്ത് വൈറലാകുന്നത്.
യൂനിട്രി റോബോട്ടിക്സിൻ്റെ ജി1 ഹ്യൂമനോയിഡ് റോബോട്ടിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായി പറ്റിയ അബദ്ധമാണിത്. മാർച്ച് 21-ന് നടന്ന നൃത്ത പ്രദർശനത്തിനിടയിലാണ് ചൈനീസ് കമ്പനിയായ യൂനിട്രി റോബോട്ടിക്സ് നിർമ്മിച്ച ജി1 മോഡൽ റോബോട്ട് സമീപം നിന്ന കുട്ടിയുടെ മുഖത്തടിച്ചത്.
നൃത്തത്തിനായി ഒരുക്കിയ പ്രത്യേക വേദിയിലൂടെ ചുറ്റിയും കറങ്ങിയും മനോഹരമായ നൃത്തച്ചുവടുകള്‍ വയ്ക്കുന്നതിനിടെയില്‍ റോബോട്ടിന്റെ കൈ ഉയര്‍ത്തി വീശിയതോടെ സമീപത്തുനിന്ന കുട്ടിയുടെ മുഖത്ത് കൊളളുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ പുറകിലോട്ട് മാറ്റി. പിന്നാലെ റോബോട്ട് യാതൊരു കൂസലുമില്ലാതെ പ്രോഗ്രാം ചെയ്തുവിട്ട നൃത്തം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയായിരുന്നു.
പ്രവര്‍ത്തനത്തിനു കൂട്ടായി നിന്ന വ്യക്തി സ്റ്റോപ് ബട്ടണ്‍ അമര്‍ത്തിയതോടെ റോബോട്ട് നൃത്തച്ചുവട് നിര്‍ത്തുകയായിരുന്നു. 35 കിലോ ഭാരവും 11 ലക്ഷത്തിലധികം രൂപ വിലയുമുള്ള ഈ റോബോട്ട് ഗവേഷണ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്.