Saudi Crown Prince and Prime Minister Mohammed bin Salman holds U.S. President Donald Trump's hand during a meeting in the Oval Office at the White House in Washington, D.C., U.S., November 18, 2025. REUTERS/Evelyn Hockstein/File Photo
ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനർനിർമ്മിക്കുന്നതിനുള്ള നിർണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്.
ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെയുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനർനിർമ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേൽ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ ദീർഘകാലമായി ഭീഷണി ഉയർത്തുന്നുണ്ട്. നിലവിലെ സർക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാൻ കഴിയൂ എന്നും സൗദി നിലപാടെടുത്തു.
എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സമാധാനപരമായ പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷം സൗദി അറേബ്യയ്ക്ക് സാമ്പത്തിക, സുരക്ഷ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. യു.എസ്– ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍റെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെയും എണ്ണ വിതരണത്തയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചത് സൗദി, യു.എ.ഇ, കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്.
ഇറാന്റെ ഊർജ്ജ കേന്ദ്രമിടുന്നത് ലക്ഷ്യമിടുന്നത് അടക്കമുള്ള ശക്തമായ നടപടികളോട് സൗദി അനുകൂലമായാണ് സംസാരിച്ചത്. ഇറാന്‍ ഭരണകൂടത്തെ ദുർബലപ്പെടുത്താന്‍ കരമാര്‍ഗമുള്ള സൈനിക നീക്കങ്ങളുടെ സാധ്യതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു.
അതേസമയം, പശ്ചിമേഷ്യയില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ യുഎസ് ഒരുങ്ങുന്നതായാണ് വിവരം. സേനയുടെ എലീറ്റ് വിഭാഗമായ 82–ാം എയർബോൺ ഡിവിഷനിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് അയയ്ക്കാനാണ് പെന്റഗൺ ഒരുങ്ങുന്നത്. ഇറാനിലേക്ക് സൈന്യത്തെ അയയ്ക്കാൻ ഇപ്പോൾ തീരുമാനമില്ല. എന്നാൽ ഭാവിയിലെ സൈനിക നടപടികൾക്ക് സജ്ജമാവുകയാണ് ലക്ഷ്യമെന്നാണ് സൂചന. യുഎസ്എസ് ബോക്സർ എന്ന ആക്രമണ കപ്പലിലും അനുബന്ധ യുദ്ധക്കപ്പലുകളിലുമായി ആയിരക്കണക്കിന് മറീനുകളെയും നാവികരെയും കഴിഞ്ഞയാഴ്ച വിന്യസിച്ചതിനു പുറമേയാണിത്.