mojtaba-iran

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെ ഉണ്ടെങ്കിലും രാജ്യത്തിന്‍റെ നിയന്ത്രണം അദ്ദേഹത്തിന്‍റെ കയ്യിലല്ലെന്ന് റിപ്പോര്‍ട്ട്. ഇറാന്‍റെ രാഷ്ട്രീയ, സുരക്ഷ സംവിധാനങ്ങളില്‍ മുജ്തബയ്ക്ക് പൂര്‍ണാധികാരമില്ലെന്ന് ഇസ്രയേലി, യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ഒന്‍പതിനാണ് മുജ്തബയെ ഇറാന്‍റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്– ഇസ്രയേല്‍ സേന നടത്തിയ സംയുക്ത സൈനിക നീക്കത്തിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെടുന്നത്. 

മുജ്ബത ജീവനോടെയുണ്ടെന്ന് വിശ്വസിച്ചാലും ഭരണം നടത്തുന്നു എന്ന് തെളിയിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ചുമതലയേറ്റെടുത്ത ശേഷം ഇതുവരെ മുജ്തബ പൊതുവേദിയിലെത്തിയിട്ടില്ല. ഇത് അധികാരം കയ്യാളാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത് എന്നാണ് ഇ‍ന്‍റലിജന്‍സ് വിവരം. 

ഇസ്‍ലാമിക് റവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സാണ് അധികാരം കയ്യാളുന്നത്. യുദ്ധ സമയത്ത് ഇറാന്‍റെ അധികാര ഘടനയില്‍ കൃത്യമായ മാറ്റം സംഭവിച്ചു എന്നാണ് വിവരം. ഇറാന്‍ സൈന്യത്തിലും രാഷ്ട്രീയ, സാമ്പത്തിക രംഗത്തും ഐആര്‍ജിസിക്ക് കാര്യമായ സ്വാധീനം ലഭിച്ചു. നേതൃപരമായ മാറ്റത്തിന് ശേഷം ഇറാനില്‍ ഐ.ആര്‍.ജി.സി നേരിട്ട് ഭരണം നടത്തുന്നു എന്നാണ് വിവരം. ഇറാന്‍റെ ഭരണം ആരാണ് യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നതെന്ന്  യു.എസിന്‍റെ ദേശിയ സുരക്ഷാ കൗണ്‍സില്‍ നിരീക്ഷിക്കുകയാണ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നല്‍കുന്ന ഇന്‍റലിജന്‍സ് ബ്രീഫിങില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുന്നുണ്ട്.

ENGLISH SUMMARY:

Mujtaba Khamenei is reportedly alive but does not hold control over Iran, with intelligence suggesting the Islamic Revolutionary Guard Corps is wielding power. This marks a significant shift in Iran's political and security apparatus following the demise of Ayatollah Ali Khamenei.