kabul-attack

കാബൂളില്‍ ആശുപത്രിക്ക് നേരെ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍. ലഹരി മരുന്നിന് അടിമകളായവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250 പേര്‍ക്ക് പരുക്കേറ്റതായി അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചു. സൈനിക, ഭീകര കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. 

പ്രാദേശിക സമയം രാത്രി ഒന്‍പതു മണിയോടെയാണ് കാബൂളില്‍ വലിയ സ്ഫോടനങ്ങൾ ഉണ്ടായത്. ഷാർ-ഇ-നൗ, വസീർ അക്ബർ ഖാൻ പ്രദേശങ്ങളിൽ തീപടര്‍ന്നു. വലിയ പുകപടലങ്ങളുണ്ടായി. ആശുപത്രിയുടെ എല്ലാ ഭാഗങ്ങളും തകര്‍ന്നതായും കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും ആശുപത്രിയില്‍ ചികിത്സ തേടുന്ന ലഹരിക്ക് അടിമകളായവരാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ വക്താവ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. 

കാബൂളിലെയും നൻഗർഹാറിലെയും അഫ്ഗാൻ താലിബാന്റെയും അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള പാക്ക് ഭീകരകേന്ദ്രങ്ങളും ആയുധ സംഭരണശാലരളുമാണ് ലക്ഷ്യംവെച്ചതെന്നാണ് പാക്കിസ്ഥാന്‍റെ വാദം. മറ്റുള്ള വാര്‍ത്തകള്‍ കളവാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ആക്രമണം നടന്നത്. പാക്കിസ്ഥാനെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അഫ്ഗാന്‍ അഭയം നല്‍കുന്നു എന്നാരോപിച്ച് പാക്കിസ്ഥാൻ സൈന്യം കഴിഞ്ഞ ആഴ്ചകളില്‍ നിരവധി തവണ കാബൂളിൽ ആക്രമണം നടത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Afghanistan hospital attack details are emerging following a Pakistan airstrike in Kabul, resulting in significant casualties. The Afghan health ministry reported that the attack targeted a drug rehabilitation center, with hundreds killed and injured.