പശ്ചിമേഷ്യയില്‍ കരയുദ്ധത്തിന്റെ സൂചന നല്‍കി സൈനികവിന്യാസം വര്‍ധിപ്പിക്കാന്‍ അമേരിക്ക. 2500 യുഎസ് മറീനുകള്‍ മേഖലയിലേക്ക് പുറപ്പെട്ടു. ഇറാന്റെ എണ്ണ ഉല്‍പാദനകേന്ദ്രമായ ഖാര്‍ഗ് ദ്വീപ് യുഎസ് ആക്രമിച്ചു. അതേസമയം, ഗള്‍ഫില്‍ യുഎഇയിലും സൗദിയിലും ഇന്നും ഇറാന്‍ ആക്രമണശ്രമം തകര്‍ത്തു.
കരയിലും കടലിലും ഒരുപോലെ പോരാടാന്‍ വൈദഗ്ധ്യമുള്ള മറീനുകളെയാണ് ജപ്പാനിലെ ഒകിനാവയിലുള്ള സൈനീക താവളത്തില്‍ നിന്ന് യുഎസ്എസ് ട്രിപ്പോളി കപ്പലില്‍ മേഖലയിലേക്ക് വിന്യസിപ്പിക്കുന്നത്. സൈനികശേഷി കൂട്ടുന്നത് യുദ്ധം നീണ്ടേക്കുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തല്‍. അത്യാവശ്യഘട്ടങ്ങളില്‍ ഇറാന്റെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാന്‍ ഈ സൈനീകരെ ഉപയോഗിച്ചേക്കാം എന്നും സൂചനയുണ്ട്. ഇറാന്‍റെ എണ്ണകയറ്റുമതിയുടെ 90ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങളടക്കം നശിപ്പിച്ചെന്നാണ് യുഎസ് അവകാശവാദം. ഇറാന്റെ എണ്ണ, ഊർജ സ്ഥാപനങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ, ഗള്‍ഫില്‍ അമേരിക്കയുമായി സഹകരിക്കുന്ന എണ്ണക്കമ്പനികളുടെ ഊർജ കേന്ദ്രങ്ങൾ തിരിച്ച് ആക്രമിക്കുമെന്ന് ഇറാൻ സായുധ സേന മുന്നറിയിപ്പ് നൽകി.
Also Read: ഒന്നും തീര്‍ന്നില്ല മക്കളേ...‘മിസൈല്‍ സിറ്റി’തുറന്നുകാണിച്ച് ഇറാന്‍
അതിനിടെ, ഫുജൈറയില്‍ എണ്ണ വ്യാവസായിക മേഖലയ്ക്കുനേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ തകര്‍ത്തു. ദുബായ് ഡൗണ്‍ ടൗണിലും ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തു. ഡ്രോണിന്റെ അവശിഷ്ടം കെട്ടിടത്തിന് മുകളില്‍ പതിച്ചു. യുഇഎ ഇന്ന് 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് തടഞ്ഞിട്ടത്. സൗദിയുടെ കിഴക്കന്‍ മേഖലയിലും ആക്രമണശ്രമമുണ്ടായി.
ഇറാഖിലെ ബഗ്ദാദില്‍ വന്‍ സ്ഫോടനമുണ്ടായി. യുഎസ് എംബസിയില്‍ നിന്ന് പുകയുയര്‍ന്നു. യുഎഇയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ ആക്രമണദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രണ്ട് ഇന്ത്യക്കാരടക്കം 10പേര്‍ അറസ്റ്റിലായി. അതേസമയം, യുഎഇയിലെ യുഎസ് സൈനികതാവളങ്ങളിലും തുറമുഖങ്ങളിലുമുള്ള യുഎസ് സംവിധാനങ്ങളെ ലക്ഷ്യമിടുമെന്നും ജനം ഒഴിഞ്ഞുപോകണമെന്നും IRGC മുന്നറിയിപ്പ് നല്‍കി.