സൂനാമിക്കും ദുരന്തങ്ങൾക്കും മുൻപ് തീരത്തടിയുമെന്ന് വിശ്വസിക്കുന്ന ഓർഫിഷ് അഥവാ 'ഡൂംസ്ഡേ ഫിഷിനെ' കടൽത്തീരത്ത് കണ്ടെത്തി. മെക്സിക്കയിലെ കാബോ സാൻ ലൂക്കാസയിലെ ബീച്ചിലാണ് ഓർ മത്സ്യത്തെ കണ്ടെത്തിയത്. ജാപ്പനീസ് വിശ്വാസ പ്രകാരം ആഴക്കടൽ മത്സ്യങ്ങളായ ഓർഫിഷ് പ്രകൃതി ദുരന്തങ്ങള്‍ക്കു മുൻപാണ് കടലിന്റെ മേലേ തട്ടിലേക്ക് എത്തുന്നത്.  

മോണിക്ക പിറ്റങ്കർ എന്ന യുവതിയും സഹോദരിയുമാണ് കടൽത്തീരത്ത് ഓർ മത്സ്യത്തെ കണ്ടതിന്റെയും കടലിലേക്ക് തിരിച്ചുവിടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വളരെ തിളക്കമുള്ള റിബൺ പോലുള്ള വസ്തുവിനെ കണ്ടാണ് ഇവർ അടുത്തേക്ക് ചെന്നത്. ഇന്നേവരെ കണ്ടില്ലാത്ത ഒന്നായിരുന്നു അത്. കടൽതീരത്ത് കിടന്ന് പിടയ്ക്കുന്നത് കണ്ട് ദയ തോന്നി അതിനെ കടലിലേക്ക് തന്നെ വിടുകയായിരുന്നു. 

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്‍റെ സൂചനയാണ് ഓർ മത്സ്യങ്ങളുടെ സാന്നിധ്യം എന്നാണ് വിശ്വാസം. ഓര്‍ മല്‍സ്യങ്ങള്‍ കടലിനടിയില്‍ നിന്ന് പുറത്തുവരുന്നത്, വരാന്‍ പോകുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ജപ്പാൻകാര്‍ വിശ്വസിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 650 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്.

ആഴക്കടലിൽ വസിക്കുന്ന ഇവ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുമ്പോഴാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് കരുതപ്പെടുന്നത്. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞ സംഭവം ഈ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്തു.

ENGLISH SUMMARY:

Oarfish, also known as the 'Doomsday Fish', have been found washed ashore, sparking fears of impending natural disasters. Japanese folklore suggests these deep-sea creatures surface before tsunamis and major earthquakes, a belief reinforced by past sightings before significant seismic events.