Image Credit: AFP
ഇറാനുമായി മധ്യപൂര്‍വ ദേശത്ത് യുദ്ധം നടത്തുന്നതിനിടെ തന്നെ ഇക്വഡോറിലും സൈനിക നടപടി ആരംഭിച്ച് യുഎസ്. ലഹരിക്കടത്ത് തടയുന്നതിനായാണ് ഇക്വഡോര്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത സൈനിക പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ സൈന്യമോ ഇക്വഡോറോ തയാറായിട്ടില്ല. അനധികൃതമായ ലഹരിമരുന്ന് കടത്ത് തടയുന്നതിനായി നിര്‍ണായക നടപടികള്‍ ആരംഭിച്ചതായി സതേണ്‍ കമാന്‍ഡാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. തെക്കന്‍–മധ്യ അമേരിക്കയിലെയും കരീബിയന്‍ പ്രദേശത്തെയും 31 രാജ്യങ്ങള്‍ ചേരുന്നതാണ് സതേണ്‍ കമാന്‍ഡ്. ലഹരിക്കെതിരായ അമേരിക്കയുടെ യുദ്ധമാണിതെന്നാണ് വിശദീകരണം. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങളാണ് ലഹരിമാഫിയകള്‍ക്ക് പിന്നിലുള്ളതെന്നായിരുന്നു ട്രംപ് നേരത്തെ ആരോപിച്ചിരുന്നത്. ലഹരിമാഫിയകളുടെ കപ്പലുകളും ബോട്ടുകളും ബോംബിട്ട് തകര്‍ത്തുകളയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ലഹരിമരുന്ന് മാഫിയകളെ ഉന്‍മൂലനം ചെയ്യാന്‍ പ്രാദേശിക സഖ്യ രാജ്യങ്ങളെ സഹായിക്കുകയാണ് യുഎസ് എന്നാണ് നടപടിയില്‍ ഇക്വഡോര്‍ പ്രസിഡന്‍റ് ഡാനിയല്‍ നൊബോയ പ്രതികരിച്ചത്. ഇക്വഡോറടക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളാണ് രാജ്യാന്തര വിപണിയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ തുറമുഖങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ക്രിമിനല്‍ നിയമം അനുസരിച്ച് ലഹരിക്കടത്ത് കുറ്റകരമാണെങ്കിലും യുദ്ധക്കുറ്റമായി കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ട്രംപ് നടത്തുന്ന കൊലപാതകങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വാദം ഉയര്‍ന്നിട്ടുണ്ട്. ലഹരിക്കടത്ത് ആരോപിച്ച് ചെറുബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും നേരെ 44 വ്യോമാക്രമണങ്ങള്‍ ഇതിനകം യുഎസ് സൈന്യം നടത്തിക്കഴിഞ്ഞു. 150ലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി യുഎസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടുമില്ല. ഇവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയതെന്നും വ്യക്തമല്ല. കൊളംബിയ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെയാണ് ലഹരിക്കടത്തുകാര്‍ എന്നാരോപിച്ച് കൊന്നതെന്ന് ആരോപിച്ച് കുടുംബങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ലോകത്തെ കൊക്കെയ്ന്‍ ഉല്‍പാദനത്തില്‍ ആദ്യ സ്ഥാനങ്ങളിലാണ് കൊളംബിയയും പെറുവും. ഇവിടങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ലഹരിമരുന്നിന്‍റെ 70 ശതമാനവും ഇക്വഡോര്‍ വഴിയാണ് കൊണ്ടുപോകുന്നത്. ഈ ലഹരിക്കടത്താണ് ഇക്വഡോറിന്‍റെ സമാധാനം കളഞ്ഞതെന്നും സര്‍ക്കാര്‍ പറയുന്നു. 2023 മുതലാണ് ലഹരി മാഫിയയെ തടയാന്‍ അമേരിക്കന്‍ ഇടപെടല്‍ ഇക്വഡോര്‍ അനുവദിക്കാന്‍ തുടങ്ങിയത്.
ഇക്വഡോറിലുണ്ടായിരുന്നതും പില്‍ക്കാലത്ത് അടച്ച് പൂട്ടിയതുമായ സൈനികത്താവളം തുറന്ന് കൊടുക്കാന്‍ കടുത്ത ട്രംപ് അനുകൂലിയായ നൊബോയ കഴിഞ്ഞ വര്‍ഷം ശ്രമിച്ചുവെങ്കിലും നവംബറിലെ ജനഹിതപരിശോധനയില്‍ ഇത് തള്ളിപ്പോവുകയായിരുന്നു. ഒടുവില്‍ ഡിസംബറില്‍ സൈനികരെ യുഎസ് താല്‍കാലികമായി ഇക്വഡോറില്‍ വിന്യസിക്കുകയും ചെയ്തു.