സംസ്ഥാനത്ത് ലഹരിക്കടത്ത് പലവഴികളിലൂടെയാണ്. ഓരോ വിവരങ്ങള്‍ പുറത്തുവരുമ്പോഴും ഞെട്ടലുണ്ടാക്കുന്ന തരത്തിലേക്കാണ് സംസ്ഥാനത്ത് രാസലഹരിയുടെ ഒഴുക്ക് കൂടുന്നത്. വളരുന്ന തലമുറയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ട അധ്യാപകരില്‍ നിന്നടക്കം ലഹരിവില്‍പന ഉണ്ടാകുമ്പോള്‍ ജനം ആശങ്കയിലാണ്. സ്വന്തം ജോലിയുടെ ഉത്തരവാദിത്തം മറന്ന്, സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി. അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് എന്നത് അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.
അക്ഷരവും ജീവിതവും പറഞ്ഞുകൊടുത്തു കുട്ടികളെ പുതിയ ലോകത്തിന് പരിചയപെടുത്തേണ്ട അധ്യാപികമാര്‍ തന്നെ ലഹരി ഇടപാടുകളുടെ തലതൊട്ടപ്പന്‍മാരായതിന്റെ നടുക്കത്തിലാണ് കോഴിക്കോട് പേരാമ്പ്രയിലെ ബി.ആര്‍.സി. വടകരയില്‍ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന വഴിത്തിരിവുകളിലാണ് അധ്യാപികമാര്‍ പിടിയിലാകുന്നത്. ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്വം പോലും മറന്ന് MDMA വില്‍പ്പനക്കിറങ്ങിയ ബി.ആര്‍.എസിയിലെ സ്പെഷ്യല്‍ എജുക്കേറ്റര്‍മാരാണ് പിടിയിലായത്.
രണ്ടാഴ്ച മുന്‍പ് റിസ്്വാന്‍ എന്നയാള്‍ ലഹരിമരുന്നുമായി വടകരയില്‍ പൊലീസ് പിടിയായതോടെയാണു അധ്യപകര്‍ ഉള്‍പെട്ട ലഹരിമാഫിയയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ബി.ആര്‍.സിയിലെ താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീര്‍ത്തനയാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ബി.ആര്‍.സിയിലെ മറ്റൊരു അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് സ്വദേശി കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അക്കൗണ്ട് വഴി ലഹരിക്കായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്നു തെളിഞ്ഞതോടെ അറസ്റ്റ് രേഖപെടുത്തി
കാവ്യയും കീര്‍ത്തനയും ഉള്‍പെട്ട വന്‍സംഘമാണ് ജില്ലയിലെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്നാണ് കണ്ടെത്തല്‍. ആവശ്യക്കാര്‍ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കും. സംഘത്തിലെ മറ്റൊരാള്‍ വിവിധയിടങ്ങളില്‍ ലഹരി ഒളിപ്പിച്ചശേഷം അതിന്റെ ലോക്കേഷന്‍ ഇരുവര്‍ക്കും കൈമാറും. ഈലോക്കേഷന്‍ പിന്നീട് പണം നല്‍കിയവര്‍ക്ക് അയച്ചുനല്‍കിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഇവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങള്‍ പണം അയച്ചവര്‍ക്ക് എം.ഡി.എം.എ. എത്തിച്ചുനല്‍കുന്നതായിരുന്നു രീതി.
ലഹരി വില്‍പനയ്ക്ക് നേരിട്ടിറങ്ങാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെ പിടികൂടുന്നത് അപൂര്‍വമാണ്. പിടിയിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിക്കാന്‍ തുടങ്ങി. കേസില്‍ അറസ്റ്റിലായ റിമാന്‍ഡിലായ സാഹചര്യത്തില്‍ ഇരുവരെയും സര്‍വീസില്‍ നിന്നു നീക്കി സമഗ്രശിക്ഷാ അഭിയാന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഉത്തരവിട്ടു. അറസ്റ്റിലാകുന്നതിനു മുൻപ് ഇരുവരെയും കുറച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. കീർത്തനയാകട്ടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.