ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്‍. ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏതു കപ്പലിനുനേരെയും വെടിയുതിർക്കുമെന്നും റെവല്യൂഷണറി ഗാർഡ്സിലെ മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച (മാർച്ച് 2) അറിയിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കയറ്റുമതി പാത അടയ്ക്കുകയാണെന്ന് ശനിയാഴ്ച മുന്നറിയിപ്പ് നൽകിയതിന് ശേഷമുള്ള ഇറാന്‍റെ ഏറ്റവും വ്യക്തമായ ഭീഷണിയാണിത്. ആഗോള എണ്ണവിതരണത്തിന്‍റെ അഞ്ചിലൊന്ന് സ്തംഭിപ്പിക്കാനും ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും ഈ നീക്കം കാരണമായേക്കാം. അതേസമയം, കപ്പല്‍പ്പാത അടച്ചിട്ടില്ലെന്നാണ് യുഎസ് നിലപാട്. പക്ഷേ, ഇറാന്‍റെ ഭീഷണിമൂലം ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്.
സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ഗൾഫിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നത് ഈ കടലിടുക്കാണ്.
ഇതനിടെ പശ്ചിമേഷ്യ നാലാംദിവസവും കലുഷിതം. ഗള്‍ഫ് മേഖലയില്‍ ഇന്നും ഇറാന്‍റെ ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ സൗദിയിലെ റിയാദില്‍ യു.എസ് എംബസിയില്‍ തീപിടിത്തമുണ്ടായി. യു.എ.ഇയിലും കുവൈത്തിലും ഖത്തറിലും ആക്രമണമുണ്ടായി. ഇതിനുപിന്നാലെ കുവൈത്ത്, റിയാദ് എംബസികള്‍ യു.എസ്. അടച്ചു.
റിയാദില്‍ രണ്ടിടങ്ങളിലാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. യു.എസ് എംബസിയിലും അല്‍ ഖര്‍ജിലെ പ്രതിരോധ കേന്ദ്രത്തിലേക്കുമായി എട്ട് ഡ്രോണുകള്‍ എത്തിയെന്നും ഇവ തകര്‍ത്തെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീപിടിത്തെ തുടര്‍ന്ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.