റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇന്ധനലഭ്യത പ്രതിസന്ധിയിലായതോടെയാണ് മറ്റ് മാര്‍ഗങ്ങള്‍ തേടുന്നത്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും പെട്രോള്‍, ഡീസല്‍ കയറ്റുമതി കുറയ്ക്കാനും നീക്കമുണ്ട്. രണ്ടാഴ്ചയ്ക്കുള്ള ക്രൂഡ് ഓയില്‍ സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്.
ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഇന്ധന ലഭ്യത കടുത്ത പ്രതിസന്ധിയിലാണ്. മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 50 ശതമാനവും ഹോര്‍മൂസ് വഴിയാണ് വന്നുകൊണ്ടിരുന്നത്. വെനസ്വേലയില്‍ നിന്നോ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നോ ഉള്ള ഇറക്കുമതി വര്‍ധിപ്പിക്കാമെങ്കിലും അതിന് ചെലവേറും. ഈ സാഹചര്യത്തിലാണ് റഷ്യന്‍ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിക്കാനുള്ള ആലോചന. യു.എസിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇറക്കുമതി ഗണ്യമായി കുറച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ റഷ്യയെ ആശ്രയിക്കുകയാണ് ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും അറബിക്കടലിലൂടെയും റഷ്യന്‍ എണ്ണ എത്തിക്കാം. കടലില്‍ തന്നെ വിതരണത്തിന് തയാറായി റഷ്യന്‍ കപ്പലുകള്‍ ഉണ്ട്. പൊതുമേഖല എണ്ണക്കമ്പനികളും റഷ്യന്‍ ഇന്ധനം വാങ്ങാന്‍ അനുവദിക്കണം എന്ന നിലപാടിലാണ്. കഴിഞ്ഞ മാസം പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് വാങ്ങിയത്. ആഭ്യന്തര ഉല്‍പാദനം പരമാവധി ശേഷിയില്‍ എത്തിക്കാനും
പെട്രോള്‍, ഡീസല്‍ കയറ്റുമതി കുറയ്ക്കാനും ആലോചനയുണ്ട്. സാഹചര്യം വിലയിരുത്താന്‍ ഇന്നലെ വിളിച്ച യോഗത്തിനു ശേഷം ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു.