ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഫോട്ടോ കത്തിച്ച് പുകവലിച്ച പെണ്‍കുട്ടി നേരത്തെ വൈറലായിരുന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി കാനഡയില്‍ നടന്ന റാലിയിലാണ് ഈ സംഭവം നടന്നത്. ഖമനയിയുടെ മരണത്തിന് പിന്നാലെ ഒരു ആഹ്ലാദ പ്രകടനത്തില്‍ നിന്നുള്ള യുവതിയുടെ പുതിയ വിഡിയോ പുറത്തു വന്നിട്ടുണ്ട്.
മോർട്ടീഷ്യ ആഡംസ് എന്നാണ് യുവതിയുടെ എക്സ് അക്കൗണ്ടിലെ പേര്. എക്സില്‍ പങ്കുവച്ച രണ്ട് പോസ്റ്റിലും ഖമനയിയെ അധിക്ഷേപിച്ചാണ് യുവതി സംസാരിക്കുന്നത്. 'ഞാൻ പറഞ്ഞില്ലേ, നിന്റെ കല്ലറയ്ക്ക് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന്?' എന്നാണ് ആഹ്ലാദപ്രകടനത്തില്‍ നിന്നുള്ള വിഡിയോയുടെ തലക്കെട്ട്. മറ്റൊരു പോസ്റ്റില്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് നല്‍കിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞതു പോലെ 'അവൻ ഒരു എലിയെപ്പോലെയാണ് ചത്തത്' എന്നാണ് ഈ ചിത്രത്തിന്‍റെ തലക്കെട്ട്.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭ സമയത്താണ് മോർട്ടീഷ്യ ആഡംസിന്‍റെ വൈറല്‍ ചിത്രം പുറത്തുവന്നത്. ഖമനയിയുടെ എ4 വലുപ്പത്തിലുള്ള ചിത്രം കത്തിച്ച് അതില്‍ നിന്നും സിഗരറ്റ് കത്തിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. കാനഡയിലെ ഒന്റാറിയോയിലുള്ള കനേഡിയൻ ഇംപീരിയൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പരിസരത്ത് നിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. താന്‍ ഇറാന്‍ പൗരയാണെന്നും 23 വയസിനിടെ ഭൂരിഭാഗം സമയവും ഇറാനിലായിരുന്നു കഴിഞ്ഞതെന്നുമാണ് യുവതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ കാനഡയിലാണെന്നും കുടുംബം ഇറാനില്‍ തന്നെയുണ്ടെന്നും യുവതി പറഞ്ഞിരുന്നു.
അതേസമയം, ഖമനയിയുടെ കൊലപാകതത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാക്കി. ഇസ്രയേലിലേക്കും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങളിലേക്കുമാണ് ആക്രമണം. ഒമാനിലെ ദുഖം തുറമുഖത്ത് യു.എസ് ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയും ഇറാന്‍റെ ആക്രമണമുണ്ടായി. നാലുജീവനക്കാര്‍ക്ക് പരുക്കേറ്റു. കപ്പലിലെ 20 ജീവനക്കാരെയും ഒഴിപ്പിച്ചു.
15 പേര്‍ ഇന്ത്യക്കാരും 5 ഇറാന്‍ പൗരന്‍മാരുമാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണം പലാവു പതാകയുള്ള കപ്പലിനുനേരെ ഖസബ് തുറമുഖത്തിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്. സൗദി തലസ്ഥാനമായ റിയാദിലും സ്ഫോടനമുണ്ടായി.