യുഎസിന്റെ വന്‍ യുദ്ധസന്നാഹത്തിനിടെ ഇറാനുമായുള്ള മൂന്നാംഘട്ട ആണവചര്‍ച്ച നാളെ ജനീവയില്‍. കരാര്‍ കയ്യെത്തും ദൂരത്തെന്ന് വ്യക്തമാക്കിയ ഇറാന്‍, കരാറിലെത്താന്‍ എന്ത് നടപടി സ്വീകരിക്കാനും തയാറെന്ന് അറിയിച്ചു. ആക്രമിച്ചാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന ഇറാന്റെ ഭീഷണിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയിലാണ്.
ചര്‍ച്ചയ്ക്ക് തയാറാകുമ്പോഴും രണ്ട് ദശകത്തിനിടെയുള്ള ഏറ്റവും വലിയ സൈനികവിന്യാസമാണ് യുഎസ് മധ്യപൂര്‍വദേശത്ത് ഒരുക്കിയിരിക്കുന്നത്. യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും മേഖലയിലെ സൈനികതാവളങ്ങളിലടക്കം സജ്ജമാക്കിയിട്ടുണ്ട്. ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി സജീവമായി എട്ട് സൈനികക്യാംപുകള്‍ യുഎസിന്റേതായിട്ടുണ്ട്. ഇറാന്‍റെ ആക്രമണ ഭീഷണിയുള്ളതിനാല്‍ യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. നയതന്ത്രത്തിന് മുൻഗണന നൽകിയാൽ യുഎസുമായുള്ള കരാർ കൈയെത്തും ദൂരത്താണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കരാറിലെത്താൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്ന് ഇറാൻ ഉപ വിദേശകാര്യമന്ത്രി മജീദ് തഖ്ത്-റവാഞ്ചി വ്യക്തമാക്കി. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെദ് കുഷ്നര്‍ എന്നിവര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തുന്നത്. ഡോണൾഡ് ട്രംപിന്റെ ആദ്യ പരിഗണന നയതന്ത്രത്തിനാണെന്നും ആവശ്യമെങ്കിൽ സൈനിക നടപടിക്ക് മടിക്കില്ലെന്നും യുഎസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പകുതി വിദേശത്തേക്ക് അയയ്ക്കുകയും ബാക്കിയുള്ളവയുടെ വീര്യം കുറയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കാന്‍ ഇറാന്‍ തയാറാകുമെന്നാണ് സൂചന. പകരം സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇതടക്കം കാര്യങ്ങളില്‍ നാളത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.