ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ മകൻ മുജ്‌തബ ഖമനയി വിദേശ രാജ്യങ്ങളിൽ ശതകോടികളുടെ സ്വത്ത് രഹസ്യമായി സമ്പാദിച്ചതായി റിപ്പോർട്ട്. ഉപരോധങ്ങളെ മറികടന്ന് 100 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് സ്വത്ത്, ദുബായിലെ ഒരു വില്ല, യൂറോപ്പിലുടനീളമുള്ള ആഢംബരം ഹോട്ടലുകൾ എന്നിവ പരമോന്നത നേതാവിന്റെ മകൻ്റെ രഹസ്യ സമ്പാദ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഖമനയിയുടെ മൂത്ത മകനാണ് 56 കാരനായ മൊജ്തബ ഖമനയി. അയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളയാളായി കണക്കാക്കപ്പെടുന്ന മൊജ്തബയ്ക്ക് ലണ്ടൻ, ദുബായ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ വിദേശ നഗരങ്ങളിൽ ശതകോടികളുടെ ആസ്‌തികളും ആഢംബര വസ്‌തുക്കളും ഉൾപ്പെടുന്ന ഒരു വലിയ സാമ്പത്തിക സാമ്രാജ്യം ഉള്ളതായി സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
പ്രധാനമായും ഇറാനിയൻ എണ്ണ വിൽപ്പനയിൽ നിന്നാണ് മൊജ്തബ ഖമനയി പണം സമ്പാദിച്ചത്. സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിലായിരിക്കെയാണ് രാജ്യത്തെ എണ്ണ വിൽപ്പനയിൽ നിന്നുള്ള വരുമാനം രഹസ്യ സമ്പാദ്യങ്ങൾക്കായി പരമോന്നത നേതാവിന്റെ മകൻ ഉപയോഗിച്ചിരിക്കുന്നത്.
ലണ്ടനിലെ 'ബില്യണയർ റോ' എന്നറിയപ്പെടുന്ന തെരുവിലെ 100 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ആഡംബര വീടുകൾ, ദുബായിലെ വില്ലകൾ, ഫ്രാങ്ക്ഫർട്ടിലെയും മല്ലോർക്കയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയിൽ മൊജ്‌തബ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2014 ൽ ലണ്ടനിലെ ഒരു പ്രോപ്പർട്ടി മാത്രം 33.7 മില്യൺ യൂറോയ്ക്ക് വാങ്ങിയതായി ബ്ലൂംബെർഗ് പരിശോധിച്ച രേഖകൾ വ്യക്തമാക്കുന്നു.
തന്റെ പേരിൽ നേരിട്ട് സ്വത്തുക്കൾ വാങ്ങുന്നതിന് പകരം വിശ്വസ്‌തരായ ഇടനിലക്കാരെ ഉപയോഗിച്ചാണ് മുജ്‌തബ സ്വത്തുക്കൾ സമ്പാദിച്ചിരിക്കുന്നത്. ബ്രിട്ടൻ്റെ ഉപരോധപ്പട്ടികയിലുള്ള അലി അൻസാരി എന്ന ഇറാനിയൻ വ്യവസായി വഴിയാണ് മുജ്‌തബ നിക്ഷേപങ്ങൾ നടത്തിയത്. അൻസാരിയുടെ പേരിലോ അദ്ദേഹം നിയന്ത്രിക്കുന്ന കമ്പനികളുടെ പേരിലോ ആണ് മിക്ക നിക്ഷേപങ്ങളും ഉള്ളത്.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്‌സുമായി (IRGC) മുജ്തബയ്ക്കുള്ള അടുത്ത ബന്ധം സാമ്പത്തിക ഇടപാടുകൾക്ക് വലിയ കരുത്ത് നൽകുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിക്ഷേപങ്ങൾക്കായുള്ള ഫണ്ട് യുകെ, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റൈൻ, യുഎഇ എന്നിവിടങ്ങളിലെ ബാങ്കുകൾ വഴിയാണ് നൽകിയത്.