Image Credit: threads.com/@orangenewshk

ഒരു വര്‍ഷത്തോളമായി ശീതള പാനീയങ്ങളില്‍ മൂത്രം കലര്‍ത്തിയിരുന്നതായി 63 കാരന്‍റെ കുറ്റസമ്മതം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ശീതള പാനീയങ്ങളിലാണ് ഇയാള്‍ കൃത്രിമം കാണിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച കുപ്പികളില്‍ മൂത്രം നിറച്ച ശേഷം തിരികെ എത്തിക്കുകയായിരുന്നു. ഹോങ്കോങിലാണ് സംഭവം. 

 

ഹോങ്കോങിലെ ഷാം ഷുയി പോയിലെ നാം ചിയോങ് പ്ലേസ് ഷോപ്പിങ് സെന്ററിലെ വിവിധ കടകളിലാണ് മൂത്രം കലര്‍ത്തിയ ശീതള പാനീയങ്ങള്‍ കൊണ്ടുവച്ചത്. 2024 ജൂലൈ 21 നും 2025 ഓഗസ്റ്റ് 6 നും ഇടയിലാണ് സംഭവം. ശീതള പാനീയത്തിലുണ്ടായ രുചി വ്യത്യാസത്തെ പറ്റി പരാതി വന്നതിന് പിന്നാലെയാണ് കള്ളി വെളിച്ചതാകുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തിയ പരാതി കമ്പനിയിലേക്ക് കൈമാറി. ശീതള പാനീയം കുടിച്ച ഒന്‍പതുവയസുകാരന് ആരോഗ്യപ്രശ്നങ്ങളുണ്ടായി. 

 

പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരാള്‍ കടകളിലെത്തി ഷെല്‍ഫുകളില്‍ കുപ്പി മാറ്റിവെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സൂപ്പർമാർക്കറ്റ് ജീവനക്കാരുമായുള്ള തർക്കവും ഇതിലുണ്ടായ പകയുമാണ് ഇതിന് പിന്നിലെന്നും തമാശയായിട്ടാണിത് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. പ്രതി വിഷാദത്തിലായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ഇയാള്‍ വിവാഹമോചിതനാണ്. അടുത്ത സുഹൃത്തക്കളെയും കുടുംബാംഗങ്ങളെയും ഇതിനിടയില്‍ നഷ്ടപ്പെട്ടു. ഇതാണ് വിഷാദത്തിന് കാരണമായതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. 

 

താൻ ചെയ്തതിൽ ഖേദമുണ്ടെന്നും തെറ്റായ രീതിയിലാണ് ദേഷ്യം കൈകാര്യം ചെയ്തതെന്നും പ്രതി കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ പൊതുജനത്തിന് ഭീഷണിയായതിനാല്‍ സംഭവം ഗൗരവതരം എന്നാണ് കോടതി വിലിയിരുത്തിയത്. 63 കാരന്‍റെ സാഹചര്യം കണക്കിലെടുത്ത് ജയില്‍ ശിക്ഷയ്ക്ക് പകരമായി കമ്മ്യൂണിറ്റി സര്‍വീസ് അടക്കമുള്ള മറ്റു രീതിയില്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ വിധിക്കുന്നതുവരെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 

ENGLISH SUMMARY: