Image: Instagram
75കാരനായ ഹോങ്കോങ് നടന്‍ ലീ ലങ് ഖെയ്‌യും 39കാരിയായ യുവതിയും തമ്മിലുള്ള ബന്ധം പിരിഞ്ഞു. അപ്പൂപ്പന്‍–കൊച്ചുമകള്‍ റൊമാന്‍സ് എന്ന തരത്തില്‍ സോഷ്യല്‍മീഡിയ കൊണ്ടാടിയ ബന്ധത്തിനാണ് വിരാമമായിരിക്കുന്നത്. തന്‍റെ പ്രതിശ്രുത വധുവായ ക്രിസ് വോങ്ങ് വിവാഹിതയാണെന്നും 16 വയസ്സുള്ള ഒരു മകനുണ്ടെന്നും അറിഞ്ഞതിന് ശേഷമാണ് ലീ ഹോങ്കോങ് മാധ്യമങ്ങളോട് വേർപിരിയൽവാര്‍ത്ത സ്ഥിരീകരിച്ചത്.
2020ലാണ് ഇവരുടെ പ്രണയബന്ധം പുറത്തറിഞ്ഞത്. അന്ന് ക്രിസ് വോങ്, ലീയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നുവെന്നും അലസിപ്പോയെന്നുമുള്ള തരത്തില്‍ വാര്‍ത്തകളില്‍ വന്നിരുന്നു. ഇതിനുപിന്നാലെ അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം ഉള്‍പ്പെടെ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടന്നത്. ഹോങ്കോങ് നാടകങ്ങളിലെ ചക്രവര്‍ത്തിമാരുടെ വേഷങ്ങളാണ് ലീയെ പ്രശസ്തനാക്കിയത് . മുന്‍ ടിവിബി താരം കൂടിയാണ് ലീ.
വ്യാജരേഖ ചമച്ചതിനും കാലാവധി കഴിഞ്ഞും ഹോങ്കോങ്ങില്‍ താമസിച്ചതിനും ക്രിസ് വോങ്ങിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അവരെ ചൈനയിലേക്ക് നാടുകടത്തുകയും ചെയ്തു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വോങ്ങിനെ വിവാഹം കഴിക്കുമെന്ന് ലീ വാഗ്ദാനം ചെയ്തതും വാര്‍ത്തയായിരുന്നു. എന്നാൽ മിസ് വോങ്ങ് 2007 ല്‍ തന്‍റെ ജന്മനാടായ ഫോഷാനിലുള്ള ഒരാളെ വിവാഹം കഴിച്ചിരുന്നു.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞകാലമാണ് അവര്‍ ലീയുമായി അടുത്തത്. എന്നാല്‍ നാടുകടത്തിയ ശേഷം അവര്‍ വീണ്ടും ഭര്‍ത്താവിനോട് അടുത്തു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട് .ഇത് അറിഞ്ഞതോടെയാണ് ലീയുടെ പിന്‍മാറ്റം. താന്‍ ആ ബന്ധത്തിലെ മൂന്നാമനാണെന്നും അവര്‍ സന്തോഷമായിരിക്കട്ടേയെന്നുമാണ് ഇതുസംബന്ധിച്ച് ലീ പറഞ്ഞത്. തന്‍റെ ഈ പ്രായത്തിൽ ഇനി ഒരു പ്രണയബന്ധത്തിന് സാധ്യതയില്ലെന്നും മുന്‍കാമുകിയുടെ സന്തോഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലീ മാധ്യമങ്ങളോട് വ്യക്തമാക്കി.