ലണ്ടനിലെ ചൈനീസ് എംബസി
ചൈനയുടെ ഏറ്റവും വലിയ എംബസി നിര്‍മിക്കാന്‍ ലണ്ടന്‍ അനുമതി കൊടുത്തിട്ട് അധികം ദിവസങ്ങളായില്ല, അതിനിടെ പുറത്തുവരുന്നത് ബ്രിട്ടന് തലവേദനയാകുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. ചൈന പോയ വര്‍ഷങ്ങളില്‍ ബ്രിട്ടന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും ബന്ധപ്പെട്ടവരുടേയും ഫോണ്‍ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരം. റിഷി സുനക്, ലിസ് ട്രസ്, ബോറിസ് ജോണ്‍സണ്‍ എന്നിവരുടേതുള്‍പ്പെടെയാണ് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
2021 മുതല്‍ 2024 വരെയുള്ള ചാരപ്രവര്‍ത്തനം ‘സോള്‍ട്ട് ടൈഫൂണ്‍’ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടന്റെ ഭരണപരമായ നിര്‍ണായക വിവരങ്ങളുള്‍പ്പെടെ ചോര്‍ത്തപ്പെട്ടുവെന്ന് കണ്ടെത്തിയെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ‘ഓപ്പറേഷന്‍ ടൈഫൂണ്‍’ ഇപ്പോഴും സജീവമായി ചോര്‍ത്തല്‍ നടപടി തുടരുന്നുവെന്നാണ് ബ്രിട്ടന്റെ കണ്ടെത്തല്‍.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ഭരണസിരാ കേന്ദ്രമായ ഡൗണിങ് സ്ട്രീറ്റ് ലക്ഷ്യംവച്ച് നിരവധി സൈബര്‍ ഹാക്കിങ് ആക്രമണങ്ങള്‍ നടന്നതായാണ് ദ് ടെലഗ്രാഫിനെ ഉദ്ധരിച്ച് എന്‍ഡിടിവി വേള്‍ഡ് റിപ്പോര്‍ട്ട് െചയ്യുന്നത്. റിഷി സുനക് പ്രധാനമന്ത്രി ആയിരുന്ന കാലയളവിലാണ് ഏറ്റവും കൂടുതല്‍ ഹാക്കിങ് നടന്നിരിക്കുന്നത്. ബീജിങ് നടത്തുന്ന ആഗോളചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഡൗണിങ് സ്ട്രീറ്റും ലക്ഷ്യംവച്ചിരിക്കുന്നത്. ഫൈവ് ഐസ് ഇന്റലിജന്‍സ് സഖ്യത്തിലെ അംഗരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഹാക്കിങ് പ്രവര്‍ത്തനമാണ് ചൈന പ്രധാനമായും നടത്തുന്നതെന്ന് നേരത്തേ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ലോകമെമ്പാടുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളില്‍ കയറിപ്പറ്റി ചൈന സെന്‍സിറ്റീവ് ഡാറ്റ കൈവശപ്പെടുത്തിയെന്ന വിവരം ആദ്യം പുറത്തുവിട്ടത് അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാരലക്ഷ്യത്തോടെ ഈ ആഴ്ച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചൈന സന്ദര്‍ശിക്കാനിരിക്കേയാണ് ഹാക്കിങ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ഹാക്കിങ് വിവരങ്ങളുടെ വാര്‍ത്ത പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ലണ്ടന്‍ അനുമതി നല്‍കിയ ചൈനയുടെ ഏറ്റവും വലിയ എംബസിയുടെ കാര്യത്തിലും ആശങ്കകള്‍ നിറയുകയാണ്. എംബസി വന്നുകഴിഞ്ഞാല്‍ ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ ഉള്‍പ്പെടെ ചൈന ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ബ്രിട്ടന്‍. മാത്രമല്ല എംബസി ഉദ്യോഗസ്ഥരോടൊപ്പം ലണ്ടന്‍ ലക്ഷ്യമാക്കിയെത്തുന്നത് ചൈനീസ് ചാരന്‍മാര്‍ കൂടിയാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ചൈന തള്ളിക്കളയുകയാണ്.