US President Donald Trump walks to board Marine One at the White House in Washington, DC, on January 20, 2026. Trump is heading to the Swiss ski resort of Davos to attend the World Economic Forum (WEF). (Photo by SAUL LOEB / AFP)
ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനായി ദാവോസിലേക്ക് യാത്ര പുറപ്പെട്ട യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വിമാനം തിരിച്ചിറങ്ങി. ട്രംപുമായി പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എയര്‍ഫോഴ്സ് വണ്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വാഷിങ്ടണില്‍ തിരിച്ചിറക്കിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജോയിന്‍റ് ബേസ് ആന്‍ഡ്രൂസിലേക്ക് ബോയിങ് 747–200 തിരിച്ചിറങ്ങിയത് യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തില്‍ നേരിയ വൈദ്യുതി തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് വെളിപ്പെടുത്തിയത്. അതേസമയം, ദാവോസിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് മറ്റൊരു വിമാനത്തില്‍ പോകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വിമാനത്തിന് തകരാര്‍ എങ്ങനെ സംഭവിച്ചുവെന്നതില്‍ വൈറ്റ് ഹൗസ് കൂടുതല്‍ വിശദീകരിച്ചിട്ടില്ല.
ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിലെ പ്രസ് കാബിനിലെ ലൈറ്റുകള്‍ക്ക് തകരാറുണ്ടായെന്നാണ് വിമാനത്തിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അരമണിക്കൂര്‍ പറന്ന ശേഷമാണ് വിമാനം തിരികെ എത്തിയത്. ട്രംപിന്‍റെ വിമാനം പറന്നുയര്‍ന്നതിന് ശേഷം തിരികെ വാഷിങ്ടണിലെത്തിയതിന്‍റെ ഫ്ലൈറ്റ് റഡാര്‍ ഡാറ്റ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.
ട്രംപിനെതിരെ ഇറാന്‍ വധഭീഷണി ഉയര്‍ത്തിയതുമായി വിമാനത്തിന്‍റെ തിരിച്ചിറക്കിന് ബന്ധമുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും അത്തരം സുരക്ഷാഭീഷണികള്‍ നിലവിലില്ലെന്നുമാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഇക്കുറി ബുള്ളറ്റിന് ഉന്നം പിഴയ്ക്കില്ലെന്നായിരുന്നു' ഇറാന്‍ പ്രക്ഷോഭം കൊടുമ്പിരി കൊണ്ട സമയത്ത് ഇറാന്‍റെ ഔദ്യോഗിക ടെലിവിഷനില്‍ ട്രംപിന്‍റെ ചിത്രവമായി സംപ്രേഷണം ചെയ്യപ്പെട്ടത്. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമുണ്ടാകാന്‍ കാരണം അമേരിക്കയാണെന്നും പരസ്യമായി ട്രംപ് ഇറാനിലെ പ്രക്ഷോഭത്തില്‍ ഇടപെട്ടുവെന്നും ഖമനയി രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു.
2018ല്‍ അധികാരമേറ്റതിന് പിന്നാലെ നിലവിലെ വിമാനം മാറ്റി പുതിയ മോഡലായ VC-25B വാങ്ങുന്നതിന് ട്രംപ് കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും ഇത് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപിന് ബോയിങിന്‍റെ ആഡംബര വിമാനമായ 747–8 ജംബോ ജെറ്റ് ഖത്തര്‍ സമ്മാനമായി നല്‍കിയിരുന്നു. ആകാശത്തിലൂടെ ഒഴുകുന്ന കൊട്ടാരമെന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് പ്രസിഡന്‍റിന്‍റെ വിമാനമായി ഉപയോഗിക്കാന്‍ ട്രംപ് ശ്രമിച്ചുവെങ്കിലും വലിയ വിമര്‍ശനമാണ് ഉണ്ടായത്. നിലവില്‍ ഇതിന്‍റെ സുരക്ഷാപരിശോധനകള്‍ നടന്നുവരികയാണ്.