വിട്ടുമാറാത്ത തലവേദന മാറുമെന്ന വിശ്വാസത്തെത്തുടർന്ന് പച്ചമീനിന്‍റെ പിത്തസഞ്ചി വിഴുങ്ങിയ മധ്യവയസ്ക ഗുരുതരാവസ്ഥയിലായി. കിഴക്കൻ ചൈനയിലെ ജിയാങ്‌സുവിലാണ് സംഭവം.ലിയു എന്ന അൻപതുകാരിയെയാണ് ആരോഗ്യപ്രശ്നത്തെത്തുടര്‍ന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
ഡിസംബർ 14-ന് മാർക്കറ്റിൽ നിന്ന് വാങ്ങിയ രണ്ടരക്കിലോ തൂക്കമുള്ള ഗ്രാസ് കാർപ്പ് (Grass Carp) മത്സ്യത്തിന്‍റെ പിത്തസഞ്ചിയാണ് ലിയു വിഴുങ്ങിയത്. പച്ചമത്സ്യത്തിന്റെ പിത്തസഞ്ചി കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കുമെന്നും വിട്ടുമാറാത്ത തലവേദനയ്ക്ക് പരിഹാരമാകുമെന്നുമുള്ള പരമ്പരാഗത വിശ്വാസമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്.
പിത്തസഞ്ചി വിഴുങ്ങിയതിന് തൊട്ടുപിന്നാലെ ലിയുവിന്റെ ആരോഗ്യനില വഷളാവുകയും കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മത്സ്യത്തിന്‍റെ പിത്തസഞ്ചിയിലുണ്ടായിരുന്ന വിഷാംശം രക്തത്തിൽ കലർന്നതായി ഡോക്ടർമാർ കണ്ടെത്തി. നില വഷളായതിനെ തുടർന്ന് അഞ്ച് ദിവസം ലിയുവിനെ ഐസിയുവിൽ നിരീക്ഷണത്തിലാക്കി.
മത്സ്യങ്ങളുടെ പിത്തസഞ്ചിയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ മനുഷ്യശരീരത്തിന് അത്യന്തം അപകടകരമാണെന്ന് ലിയുവിനെ ചികിത്സിക്കുന്ന ഡോക്ടർ ഹു ഷെൻകുയി മുന്നറിയിപ്പ് നൽകി. ഈ വിഷം കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പൂർണ്ണമായും തകരാറിലാക്കുമെന്നും ചില സന്ദർഭങ്ങളിൽ സെറിബ്രൽ ഹെമറേജ് സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറയുന്നു.