image credit:www.stomp.sg
സിംഗപ്പൂരില്‍ സ്കൂളുകള്‍ക്കും പബ്ലിക് പാര്‍ക്കുകള്‍ക്കും സമീപം സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി യാത്രക്കാരെ പേടിപ്പിച്ച് പണം വാങ്ങുന്ന യുവാവിനെ തേടി പൊലീസ്. മിനി സ്കര്‍ട്ട് ധരിച്ചും സ്ട്രാപ്‌ലെസ് മിനി ഗൗണ്‍ ധരിച്ചുമെല്ലാം ഇയാളെ കണ്ടവരുണ്ട്. ഈ യുവാവ് മെട്രോ ട്രെയിനില്‍ നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
image credit:www.stomp.sg
15 ഡോളറിന് 12 ടിഷ്യു പായ്ക്കറ്റ് നല്‍കാമെന്നുപറഞ്ഞാണ് ഇയാള്‍ വഴിയാത്രക്കാരെ സമീപിക്കുക. വേണ്ടെന്നുപറഞ്ഞാല്‍ അല്‍പം മാറി നിന്ന് സംസാരിക്കാമെന്ന് പറയും. സമ്മതിക്കുമെന്ന് തോന്നിയാല്‍ വീട്ടിലെ കദനകഥകള്‍ പറഞ്ഞുതുടങ്ങും. കഥ പറയാനും സമ്മതിച്ചില്ലെങ്കില്‍ പെട്ടെന്ന് നഗ്നതാപ്രദര്‍ശനം നടത്തി അപ്രത്യക്ഷനാകും. മൂന്നുദിവസമായി ഇത്തരത്തിലുള്ള പരാതികള്‍ ഒന്നിനുപിറകേ ഒന്നായി വന്നുതുടങ്ങിയപ്പോഴാണ് അധികൃതര്‍ യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്.
ടിക്ടോക് ഇന്‍ഫ്ലുവന്‍സറായ യുവതിയെ പിന്തുടര്‍ന്ന യുവാവ് അവരോട് പണം നല്‍കിയ സഹായിക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്നുപറഞ്ഞപ്പോള്‍ വീട്ടില്‍ മുത്തശ്ശിയുണ്ടെന്നും അവര്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്നും പറഞ്ഞു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഞാന്‍ സുന്ദരിയല്ലേ’ എന്ന് ചോദിച്ച് അശ്ലീല ആംഗ്യം കാട്ടി. സമീപത്തുണ്ടായിരുന്ന മൂന്നുപേരുടെ സഹായം തേടിയാണ് താന്‍ രക്ഷപെട്ടതെന്ന് ടിക്ടോക്കര്‍ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.
വുഡ്‍ലന്‍ഡ്‍സില്‍ മറ്റൊരു യുവതിയെ ഇയാള്‍ അവരുടെ അപ്പാര്‍ട്ട്മെന്‍റ് വരെ പിന്തുടര്‍ന്നു. പിറ്റേന്ന് രാവിലെ അപ്പാര്‍ട്ട്മെന്‍റിന് സമീപം കാത്തുനില്‍ക്കുകയും ചെയ്തു. ദിവസങ്ങളോളം വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നാണ് യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയത്. 20 ഡോളര്‍ ആവശ്യപ്പെട്ടാണ് സമീപിച്ചത്. കൊടുക്കാതിരുന്നപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തി ഓടിപ്പോയി.
വുഡ്‍ലാന്‍ഡ്സ്, മാര്‍സിലിങ്, ചോയാ ചു കാങ് തുടങ്ങി പല സ്ഥലങ്ങളില്‍ ഇയാളുടെ അതിക്രമം നേരിട്ടവരുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും പല സ്ഥലങ്ങളില്‍ വച്ച് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. മാനസിക അസ്വാസ്ഥ്യമുള്ളയാളാണോ എന്ന് സംശയിക്കുന്നവരുണ്ട്. അയാളെ കണ്ടെത്തി പരിശോധനയും ചികില്‍സയും നല്‍കണമെന്നും ചിലര്‍ കുറിച്ചു.