വെനസ്വേലൻ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ തിരക്കിട്ട നടപടികളുമായി അമേരിക്ക. ലോകത്തിലെ വമ്പന്‍ എണ്ണക്കമ്പനികളുടെ മേധാവികളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.
എണ്ണ വ്യവസായത്തിലെ അമേരിക്കന്‍ ഭീമന്‍മാരെ വെനസ്വേലയിലേക്ക് അയച്ച് എണ്ണ അമേരിക്കയിലെത്തിക്കാനാണ് ട്രംപിന്റെ നീക്കം. ഇതിനായി പതിനായിരം കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടു. ഏതൊക്കെ കമ്പനികളെ ആണ് അയക്കുക എന്നത് ഉടന്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എണ്ണ അമേരിക്കയിലെത്തിച്ച് ശുദ്ധീകരിക്കാനാണ് ലക്ഷ്യം. ഇതുവഴി കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് ഇന്ധനം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു
എന്നാല്‍ നിക്ഷേപം നടത്തണമെങ്കില്‍ ദീര്‍ഘകാല സുരക്ഷാ ഉറപ്പുകള്‍ അടക്കം കമ്പനികള്‍ ആവശ്യപ്പെട്ടു. വെനസ്വേലന്‍ ഭരണകൂടത്തിന്റെ പിന്തുണയും അനിവാര്യമെന്ന് കമ്പനികള്‍ അറിയിച്ചു. ഉപരോധത്തിന്റെ ഭാഗമായി വെനസ്വേലൻ എണ്ണ ടാങ്കറുകൾ കടലിൽ യുഎസ് സേന പിടിച്ചെടുക്കുന്നത് തുടരുകയാണ്. കരീബിയന്‍ കടലില്‍ തടഞ്ഞ ടാങ്കര്‍ വെനസ്വേലയിലേക്ക് തിരിച്ചയച്ചു. ട്രംപിന്റെ നടപടിക്കെതിരെ യു.എസില്‍ എതിര്‍പ്പുകളും ഉയരുന്നുണ്ട്. നടപടി കൊള്ളയടിക്കലെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ വിമര്‍ശിച്ചു.