സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രക്ഷോഭങ്ങൾ രാജ്യവ്യാപക പ്രക്ഷോഭമായി മാറവേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. രാജ്യത്തെ അശാന്തിക്ക് പിന്നിൽ അമേരിക്കയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി അഭിമുഖീകരിക്കേണ്ടി വരിക അനിവാര്യമായ തകര്‍ച്ചയെയാണെന്നും ഖമനയി പറഞ്ഞതായതാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ട്രംപ് അഹങ്കാരിയാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും അലി ഖമനയി പറഞ്ഞിരുന്നു.
‘അമേരിക്കൻ പ്രസിഡന്റ് അറിയണം, ചരിത്രത്തിലുടനീളം സ്വേച്ഛാധിപതികളും അഹങ്കാരികളുമായ ഭരണാധികാരികള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെല്ലാം അഹങ്കാരത്തിന്‍റെ കൊടുമുടിയിലിരിക്കുമ്പോള്‍, അധികാരത്തിന്റെ ഏറ്റവും ഉയരത്തില്‍ ഇരിക്കുമ്പോള്‍ പതനം നേരിടേണ്ടി വന്നിട്ടുണ്ട്, അദ്ദേഹവും വീഴും’ ട്രംപിനെ നേരിട്ട് പരാമർശിച്ചുകൊണ്ട് അലി ഖമനയി പറഞ്ഞു.
നേരത്തേ പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഇറാൻ സർക്കാറിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ‘ഇറാനോട് ശക്തമായി പറഞ്ഞിട്ടുണ്ട്, പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണെങ്കിൽ വലിയ വില നൽകേണ്ടി വരും’ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം ട്രംപ് വൈകാതെ പുറത്താക്കപ്പെടുമെന്നും സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു ഖമനയിയുടെ മറുപടി. മറ്റൊരു രാജ്യത്തിന്‍റെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം രാജ്യം നശിപ്പിക്കുകയാണെന്നും ഖമനയി ആരോപിച്ചിരുന്നു.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭങ്ങൾ രാജ്യവ്യാപക പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ജനുവരി 7 മുതൽ ടെഹ്‌റാനും വടക്കുപടിഞ്ഞാറൻ ഇറാന്റെ ചില ഭാഗങ്ങളിലും പ്രക്ഷോഭങ്ങള്‍ ശക്തമായിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കരസേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പ്രതിഷേധം ശക്തമായതോടെ ഇറാനിൽ വ്യാപകമായി ഇന്റർനെറ്റും വിച്ഛേദിച്ചിരുന്നു. ഡിസംബർ 31 നും ജനുവരി 3 നും ഇടയിൽ കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 28 പ്രതിഷേധക്കാരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.