തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ഇന്ത്യൻ വിനോദസഞ്ചാരിക്ക് നേരെ ട്രാൻസ് വുമൺ ലൈംഗികത്തൊഴിലാളികളുടെ ആക്രമണം. പ്രതിഫലം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ 52-കാരനായ ഇന്ത്യൻ പൗരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2025 ഡിസംബർ 27-ന് പുലർച്ചെ പട്ടായയിലെ പ്രശസ്തമായ 'വാക്കിങ് സ്ട്രീറ്റിന്റെ' പ്രവേശന കവാടത്തിന് സമീപമാണ് സംഭവം നടന്നത്. ലൈംഗിക ബന്ധത്തിന് ശേഷം വാഗ്ദാനം ചെയ്ത തുക നൽകാൻ വിനോദസഞ്ചാരി വിസമ്മതിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തർക്കത്തിനിടെ ഇയാളെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി സംഘം ചേർന്ന് മർദിക്കുകയായിരുന്നു. നിലത്തു വീണ ഇയാളെ പ്രതികൾ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാൾക്ക് പ്രഥമശുശ്രൂഷ നൽകുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പട്ടമകുൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ത്യൻ വിനോദസഞ്ചാരിയും ലൈംഗികത്തൊഴിലാളിയും തമ്മിൽ പണത്തെച്ചൊല്ലി രൂക്ഷമായ തർക്കം നടക്കുന്നത് കണ്ടതായി സമയത്ത് സ്ഥലത്തുണ്ടായിരുന്ന 19 കാരനായ തായ് സ്വദേശി പോലീസിന് മൊഴി നൽകി. നല്‍കാമെന്ന് സമ്മതിച്ച തുക മുഴുവൻ നൽകാൻ വിദേശി തയ്യാറാകാത്തതാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.
ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാള്‍ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് തായ് പോലീസ് അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചാലുടൻ തായ് നിയമപ്രകാരം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.