Image Credit: X
ബംഗ്ലദേശിലെ ജെസ്സോര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈറാഗി(38) കൊല്ലപ്പെട്ടു.നറെയിലില്‍ നിന്നും പുറത്തിറങ്ങുന്ന 'ദൈനിക് ബിഡി ഖബര്‍' എന്ന പത്രത്തിന്‍റെ എഡിറ്ററായിരുന്നു ബൈറാഗി. വൈകുന്നേരം അഞ്ചേമുക്കാലോടെ കപല്യാ ബസാറില്‍ വച്ചാണ് വെടിവയ്പ്പുണ്ടായതെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് അബുള്‍ ബാസര്‍ പറയുന്നു. ബൈക്കിലെത്തിയ മൂന്നംഗസംഘം ബൈറാഗിയുടെ ഐസ് ഫാക്ടറിയിലെത്തി വിളിച്ച് പുറത്തിറക്കിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നുവട്ടമാണ് ബൈറാഗിയുടെ തലയില്‍ വെടിയേറ്റിട്ടുള്ളത്. കഴുത്തറുക്കുകയും ചെയ്തിട്ടുണ്ട്. കൃത്യത്തിന് പിന്നാലെ പ്രതികള്‍ ബൈക്കില്‍ രക്ഷപെട്ടുവെന്നും പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് നിലനില്‍ക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമാണോ കൊലപാതകമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഹിന്ദുവാണ് ബൈറാഗിയെന്നും മാധ്യമങ്ങള്‍ പറയുന്നു. ഡിസംബര്‍ 18ന് ദിപു ചന്ദ്രദാസെന്ന 25കാനും ഡിസംബര്‍ 24ന് അമൃത് മൊന്‍ഡാലെന്ന യുവാവും , ഡിസംബര്‍ 29ന് ബജേന്ദ്ര ബിശ്വാസും, ജനുവരി മൂന്നിന് ഖൊകോന്‍ ചന്ദ്രദാസെന്നയാളും കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരവധിയാളുകളുടെ വീടുകളും അക്രമികള്‍ തീവച്ച് നശിപ്പിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനത്തോളമാണ് ഹിന്ദുക്കള്‍ വരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. യൂനുസ് സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദുക്കളും ബുദ്ധ മതാനുയായികളും ക്രിസ്ത്യാനികളും വലിയ ഭീഷണിയാണ് നേരിടുന്നതെന്നും അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ഇതൊന്നും രാഷ്ട്രീയ അതിക്രമങ്ങളായി ചുരുക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.