ബംഗ്ലാദേശിലെ ജെസ്സോര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈറാഗി കൊല്ലപ്പെട്ടത് ഇന്നലെയാണ്. 'ദൈനിക് ബിഡി ഖബര്‍' എന്ന പത്രത്തിന്‍റെ എഡിറ്ററായിരുന്നു ബൈറാഗി, ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്‍റെ വെടിയേറ്റാണ് മരണം. ഇതിന് പിന്നാലെ നർസിങ്ഡി ജില്ലയിൽ മണി ചക്രവർത്തി എന്നൊരു പലചരക്ക് കച്ചവടക്കാരനും അക്രമണത്തിനിരയായി കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് 24 മണിക്കൂറിനുള്ളിൽ രണ്ട് ഹിന്ദു യുവാക്കളും കൊല്ലപ്പെട്ടത്.
ബംഗ്ലാദേശ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 35 ദിവസത്തിനിടെ രാജ്യത്ത് ഹിന്ദു സമൂഹത്തിലെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡിസംബർ 18 ന് മൈമെൻസിങ് ജില്ലയിൽ ഗാർമെന്റ് ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഹിന്ദുക്കൾക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളുടെ നേർചിത്രമായിരുന്നു.
ബംഗ്ലാദേശി എൻജിഒ ഐൻ ഒ സാലിഷ് കേന്ദ്രയുടെ 2025 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച്, 2025 ൽ മാത്രം 197 പേർ ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഹിന്ദുക്കൾ ഫോർ ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് ഡിസംബർ 19 ന് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തോട്, ന്യൂനപക്ഷങ്ങൾക്കായി ഒരു മന്ത്രാലയം അടിയന്തിരമായി രൂപീകരിക്കാനും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടിരുന്നു.
35 ദിവസത്തിനിടെ കൊല്ലപ്പെട്ട 11 ഹിന്ദുക്കളിൽ 1971 ലെ വിമോചന സമര സേനാനിയും ഭാര്യയും ഉൾപ്പെടുന്നു, ഇരുവരെയും ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിലെ വീട്ടിൽ ഡിസംബർ 7 ന് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ഡിസംബർ 2 ന് രാത്രി നർസിംഗ്ഡി ജില്ലയിലെ റായ്പുര ഉപാസിലയിൽ 42 കാരനായ സ്വർണ്ണ വ്യാപാരിയായ പ്രാന്തോഷ് കോർമോകറിനെ വെടിവച്ചു കൊന്നിരുന്നു. അന്നേ ദിവസം പുലർച്ചെ ഫരീദ്പൂർ ജില്ലയിൽ 35 വയസ്സുള്ള മത്സ്യ വ്യാപാരിയായ ഉത്പോൾ സർക്കാർ ക്രൂരമായി കൊല്ലപ്പെട്ടു.
ഡിസംബർ 12 ന് കുമില്ല ജില്ലയിൽ 18 വയസ്സുള്ള ഹിഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാന്റോ ചന്ദ്ര ദാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡിസംബർ 24 ന് രാജ്ബാരി ജില്ലയിൽ നിന്നുള്ള 30 വയസ്സുള്ള അമൃത് മണ്ഡലിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശിലെ അർദ്ധസൈനിക സഹായ സേനയായ അൻസാർ ബഹിനിയിലെ ബജേന്ദ്ര ബിശ്വാസ് ഡിസംബർ 29 ന് മൈമെൻസിങ് ജില്ലയിലെ ഒരു വസ്ത്ര ഫാക്ടറിയിൽ വെച്ച് സഹപ്രവർത്തകനായ നോമൻ മിയയുടെ വെടിയേറ്റ് മരിച്ചു.
ശരിയത്ത്പൂർ ജില്ലയിലെ ഹിന്ദു ബിസിനസുകാരനായ ഖോകോൺ ചന്ദ്ര ദാസ് പുതുവത്സരാഘോഷത്തിനിടെ ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിൽ പൊള്ളലേറ്റ് മരിച്ചു. കൊലപതകത്തിന് പിന്നിലെ ലക്ഷ്യം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്നൊക്കെയുമാണ് ഇതിൽ പല കേസുകളിലെയും പൊലീസ് റിപ്പോർട്ട്.