യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോ. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം
യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്ക് ജയിലിലടച്ചു. യുഎസിലേക്കുള്ള ലഹരിക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ മഡുറോയെ വിചാരണ ചെയ്യും. സുസ്ഥിരഭരണം ഉറപ്പാകുംവരെ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്‍റെ ഭരണം യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കരീബിയൻ മേഖലയിൽ വ്യോമപാത അടച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
കയ്യാമം വച്ച് കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടിയ മഡുറോയുടെ യുദ്ധക്കപ്പലില്‍ നിന്നുള്ള ചിത്രങ്ങള്‍ യുഎസ് പുറത്ത് വിട്ടത് ലോകത്തെ ഞെട്ടിച്ചു. ന്യൂയോര്‍ക്കിലെത്തിച്ച മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും കരുതല്‍ തടങ്കലിലാക്കി. ഇരുവരെയും യുഎസില്‍ വിചാരണചെയ്യാനാണ് നീക്കം. വെനസ്വേലയില്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ എണ്ണയില്‍ കണ്ണുള്ള യുഎസ് വെനസ്വേലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. മേക്ക് വെനസ്വേല ഗ്രേറ്റ് എഗെയ്ന്‍ എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ട്രംപിന്റെ ഉന്നം സാമ്പത്തിക താല്‍പ്പര്യങ്ങളാണെന്ന് വ്യക്തം.
സാമ്പത്തികമായി തകര്‍ന്നടിഞ്ഞ വെനസ്വേലയില്‍ കടുത്തജനരോഷമാണ് മഡുറോ നേരിടുന്നത്. പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, അഴിമതിയും, പ്രതിഷേധങ്ങളോടുള്ള അടിച്ചമര്‍ത്തലും കാരണം ജനസംഖ്യയുടെ 20 ശതമാനവും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യം വിട്ടു. അതുകൊണ്ട് യുഎസ് നടപടിയോട് എതിര്‍പ്പുള്ളവരും മഡുറോയ്ക്ക് വേണ്ടി രംഗത്തിറങ്ങുന്നില്ല. നോബേല്‍ സമാധാന പുരസ്കാര ജേതാവായ വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ കടുത്ത മഡുറോ വിമര്‍ശകയാണ്. ഒളിവിലായിരുന്ന മച്ചാഡോ പുതിയ സാഹചര്യത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. താന്‍ മോഹിച്ച സമാധാനപുരസ്കാരം നേടിയ മച്ചാഡോയോട് ട്രംപിന് വലിയ താല്‍പ്പര്യമില്ല. ചിലെ, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും റഷ്യയും ചൈനയും ക്യൂബയും യുഎസ് നടപടിയെ അപലപിച്ചു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ യുഎസ് നീക്കം അനിവാര്യമായിരുന്നുവെന്ന നിലപാടിലാണ്