ന്യൂയോർക്കിന്‍റെ പുതിയ മേയറായി അധികാരമേറ്റ് 34 കാരനായ സൊഹ്റാൻ മംദാനി. മാൻഹട്ടനിലെ ആദ്യത്തെ സബ്‌വേ സ്റ്റേഷനുകളിലൊന്നായ പ്രശസ്തമായ ഓള്‍ഡ് സിറ്റി ഹാള്‍ സ്റ്റേഷനിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് മംദാനി മേയറായി അധികാരമേറ്റത്. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി ഇന്ത്യൻ വംശജനായ മംദാനി മാറി. തന്‍റെ ജീവിതത്തിലെ വലിയ ബഹുമതിയാണിതെന്ന് മംദാനി പറഞ്ഞു.
ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ റാപ്പ് ഗായകന്‍ മംദാനി ന്യൂയോര്‍ക്കിന്‍റെ അമരത്തേക്ക് എത്തുന്നത്. ഡോണള്‍ഡ് ട്രംപിന്‍റെ പതിനെട്ടടവും തകര്‍ത്ത് സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം ഉറപ്പ് നല്‍കിാണ് സൊഹ്റന്‍ മംദാനി ജയിച്ചു കയറിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു. വാടക വര്‍ധന മരവിപ്പിക്കൽ, സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങി ജീവിതച്ചെലവുകള്‍ കുറയ്ക്കുന്ന മംദാനിയുടെ ജനപ്രിയവാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് കാത്തിരിക്കുകയാണ് ജനം.. അതേസമയം, അതിശൈത്യതതിലായ നഗരത്തില്‍ മഞ്ഞുവീഴ്ചമൂലമുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് അടിയന്തര ഇടപെടല്‍ വേണ്ട വിഷയം.
ചലച്ചിത്ര പ്രവർത്തക മീര നായരുടെയും ആക്ടിവിസ്റ്റ് മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. 1991-ൽ ഉഗാണ്ടയിലെ കമ്പാലയിൽ ജനനം. മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. 2018 ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി പ്രവര്‍ത്തിച്ച മംദാനി 2020 ൽ ക്വീൻസിലെ സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അപകടകാരിയായ ഉദാരവാദിയായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മംദാനിയെ കാണുന്നത്. തീവ്രഇടതുപക്ഷക്കാനെന്ന വിമര്‍ശനം ഡെമോക്രാറ്റിക് പാളയത്തിലുമുണ്ട്. അതിനാല്‍ മംദാനിയുടെ ഓരോചുവടും ലോകത്തിന്റെ വിശകലനത്തിനും വിമര്‍ശനത്തിനും വിധേയമാകും.