സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. പാക്ക് ആര്‍മി ചീഫ് അസിം മുനീറിന്‍റെ സന്ദര്‍ശനം സൗദി അറേബ്യ തടഞ്ഞു എന്ന് മുൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽ രാജ പറഞ്ഞു. പാക്കിസ്ഥാന്‍ യുഎഇയോട് അടുക്കുന്നതാണ് സൗദിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
എക്സില്‍ പങ്കുവച്ച വിഡിയോയിലാണ് രാജയുടെ ആരോപണം. സൗദി അറേബ്യയിൽ നിന്ന് പാകിസ്ഥാൻ നയതന്ത്രപരമായ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് രാജ അഭിപ്രായപ്പെടുന്നത്. യുഎഇ പ്രസിഡന്റിന്റെ സമീപകാല പാക്കിസ്ഥാൻ സന്ദർശനത്തിന് പിന്നാലെയാണ് സൗദിയും പാക്കിസ്ഥാനും ഇടഞ്ഞതെന്നാണ് രാജയുടെ പക്ഷം.
അസിം മുനീറിന്റെ റിയാദ് സന്ദർശനം തടഞ്ഞുവെന്നും സൗദി കിരീടാവകാശി പാക്ക് നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ചതായും അദ്ദേഹത്തിന്‍റെ പോസ്റ്റിലുണ്ട്. എന്നാല്‍ ഇക്കാര്യം സൗദിയോ പാക്കിസ്ഥാനോ സ്ഥിരീകരിച്ചിട്ടില്ല. സാമ്പത്തികമായി ദുര്‍ബലമായ പാക്കിസ്ഥാനെ സൗദി കൂടി കൈവിടുകയാണെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.