എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
239 പേരുമായി ക്വാലലംപൂരില്‍ നിന്നും ബെയ്‌ജിങിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 (MH 370) കണ്ടെത്താനായി വീണ്ടും തിരച്ചില്‍. 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അന്വേഷണം . ഡിസംബർ 30ന് യുഎസ്– യുകെ ആസ്ഥാനമായുള്ള മറൈൻ റോബോട്ടിക്സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയാണ് ആഴക്കടല്‍ തിരച്ചില്‍ ആരംഭിച്ചത്. വിമാനം തകര്‍ന്നു വീണിരിക്കാം എന്ന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളിലാണ് തിരച്ചില്‍. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഏകദേശം 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് അടുത്ത 55 ദിവസം ഓഷ്യൻ ഇൻഫിനിറ്റി തിരച്ചില്‍ നടത്തും.
എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
അർമാഡ 86 എന്ന കപ്പലിൽ നിന്ന് വിന്യസിച്ചിരിക്കുന്ന ഓട്ടണോമസ് അണ്ടർവാട്ടർ വെഹിക്കിള്‍ (Autonomous Underwater Vehicles (AUVs) ഉപയോഗിച്ചാണ് ദൗത്യം. ഇതുവഴി മുൻകാല ശ്രമങ്ങളേക്കള്‍ കൃത്യതയോടെ കടലിന്‍റെ ആഴങ്ങളിൽ സ്കാൻ ചെയ്യാൻ സാധിക്കും. അതേസമയം, തിരച്ചലിനായി മലേഷ്യന്‍ സര്‍ക്കാര്‍ ഓഷ്യൻ ഇൻഫിനിറ്റിക്ക് പണമൊന്നും നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരുമായി ഒപ്പിട്ട കരാര്‍ അനുസരിച്ച് അവശിഷ്ടങ്ങൾ വിജയകരമായി കണ്ടെത്തിയാൽ മാത്രമേ കമ്പനിക്ക് പണം ലഭിക്കൂ. തിരച്ചിൽ ഫലം കണ്ടാൽ മലേഷ്യ ഓഷ്യൻ ഇൻഫിനിറ്റിക്ക് 70 മില്യൺ ഡോളർ നൽകും.
എംഎച്ച് 370ന് സംഭവിച്ചത്
2014 മാർച്ച് 8 നാണ് ക്വാലാലംപൂരിൽ നിന്നും ബെയ്‌ജിങിലേക്കുള്ള യാത്രയ്ക്കിടെ എംഎച്ച് 370, ബോയിങ് 777 വിമാനം അപ്രത്യക്ഷമാകുന്നത്. പറന്നുയർന്ന് ഏകദേശം 40 മിനിറ്റിനുശേഷം വിമാനവും എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പുലർച്ചെ 2.14 ന് മലാക്ക കടലിടുക്കിന് മുകളിലൂടെ പടിഞ്ഞാറോട്ട് പോകുകയായിരുന്നു വിമാനമെന്നാണ് അവസാനമായി സൈനിക റഡാറിൽ കണ്ടത്. 2.22നു റഡാറിൽനിന്നു വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. വിമാനത്തിന്‍റെ ട്രാൻസ്‌പോണ്ടർ ഓഫ് ചെയ്‌തതിനാൽ ട്രാക്ക് ചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു.
5 ഇന്ത്യക്കാരടക്കം 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാപ്റ്റൻ സാഹറി അഹമ്മദ് ഷാ, ഒരു സഹ പൈലറ്റ്, 10 ഫ്ലൈറ്റ് അറ്റൻഡന്‍റുമാര്‍ എന്നിങ്ങനെ ആകെ 239 പേർ. ഉപഗ്രഹ ഡാറ്റ പ്രകാരം വിമാനം ഓസ്ട്രേലിയയുടെ പടിഞ്ഞാറ്, തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരിക്കാം. എന്നാണ് കരുതിയിരുന്നത്. എന്നാല്‍, വർഷങ്ങളോളം നീണ്ടുനിന്ന വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത തിരച്ചിലില്‍ പോലും അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ആയിരുന്നില്ല. ഇതോടെ വ്യോമയാനത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നായി എംഎച്ച് 370 മാറി. പിന്നാലെ പലതരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളുമെത്തി.
2015ൽ കിഴക്കൻ ആഫ്രിക്കൻ തീരത്തിനു സമീപം റീയൂണിയൻ ദ്വീപിലെ ബീച്ചിൽ വിമാനത്തിന്‍റെ ചിറകിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ടാൻസാനിയ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മഡഗാസ്കർ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വിമാന അവശിഷ്ട ഭാഗങ്ങൾ കിട്ടി. ഇതിൽ 3 ഭാഗങ്ങൾ എംഎച്ച് 370ന്‍റേതാണെന്നു സ്ഥിരീകരിക്കപ്പെടുകയും 17 ഭാഗങ്ങൾ എംഎച്ച് 370 ന്‍റേതാകാന്‍ ശക്തമായ സാധ്യതയും ഉള്ളവയാണ്. എങ്കിലും പ്രധാനഭാഗങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല എന്നതാണ്, എംഎച്ച് 370 വിമാനം അപകടത്തിൽ തകർന്നെന്ന് ഉറപ്പിക്കുമ്പോളും അതിന്‍റെ തിരോധാനത്തെ നിഗൂഢമായി നിലനിര്‍ത്തുന്നത്.
എന്തായാലും പുതിയ തിരച്ചിലിന് 2014 മുതൽ വ്യോമയാനത്തെ വേട്ടയാടുന്ന നിഗൂഢതയ്ക്ക് അന്ത്യം കുറിക്കാനും വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്താനും സാധിക്കും എന്നാണ് പ്രതീക്ഷ. ഉത്തരങ്ങളില്ലാതെ കാത്തിരുന്ന യാത്രക്കാരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ നല്‍കുന്നതാണ് തിരച്ചില്‍.