TAGS

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇറാനില്‍ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച് പ്രതിഷേധക്കാര്‍. തെക്കന്‍ നഗരമായ ഫസയിലാണ് സംഭവം. പ്രവിശ്യ ഗവര്‍ണറുടെ ഓഫീസാണ് ബുധനാഴ്ച അക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗവര്‍ണറുടെ ഓഫീസിന്‍റെ വാതിലിന്‍റെ ഭാഗങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ഫാസയിലെ ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്ക്കെതിരെ തുടരുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് സംഭവം. ഞായറാഴ്ച ടെഹ്റാനിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ മാർക്കറ്റിലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. തലസ്ഥാനത്തെ സർവകലാശാലകളിലടക്കം പ്രതിഷേധം തുടര്‍ന്നു. ഇസ്ഫഹാൻ, യസ്ദ്, സഞ്ജൻ തുടങ്ങിയ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. 

പ്രതിഷേധങ്ങൾ ശക്തമായതോടെ ഇറാന്റെ സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫർസിൻ രാജിവച്ചിരുന്നു. പകരം, മുൻ സാമ്പത്തിക മന്ത്രി അബ്ദുൾനാസർ ഹെമ്മാതിയെ സ്ഥാനത്തേക്ക് നിയമിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. 2025 ല്‍ ഇറാന്‍റെ ജിഡിപി 1.7 ശതമാനവും 2026 ല്‍ 2.8 ശതമാനവും കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതോടെ സമ്പദ്‌വ്യവസ്ഥ നിലവിൽ മാന്ദ്യത്തിന്റെ ഭീഷണിയിലാണ്. ഒക്ടോബറിൽ പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 48.6% ലെത്തി. 

അതേസമയം തിങ്കളാഴ്ച ഡോളറിനെതിരെ റിയാലിന്റെ മൂല്യം 13,90,000 എന്ന പുതിയ റെക്കോർഡ് എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. 2015-ൽ ഇറാന്റെ ആണവ പദ്ധതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കിയ ആണവ കരാറിന്റെ സമയത്ത് ഇറാന്റെ കറൻസി ഡോളറിനെതിരെ 32,000 റിയാലായിരുന്നു വ്യാപാരം. 2018-ൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി അമേരിക്കയിൽ നിന്ന് പിൻവാങ്ങിയതിനെ തുടർന്നാണ് ആ കരാർ അവസാനിച്ചത്.

ENGLISH SUMMARY:

Iran protests are intensifying due to the economic crisis. The protests have led to attacks on government buildings and a decline in the Iranian Rial's value.