Image: Police Gelsenkirchen/Handout via REUTERS
ജർമനിയില്‍ റീട്ടെയിൽ ബാങ്കിന്റെ നിലവറ തുരന്ന് 10 ദശലക്ഷം യൂറോ (105 കോടി രൂപ)യും ഉപഭോക്താക്കളുടെ സേഫ് ഡെപ്പോസിറ്റ് ബോക്സുകളിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും കവർന്നതായി റിപ്പോര്‍ട്ട്്. ഗെൽസെൻകിർച്ചനിലെ സ്പാർക്കാസ് ബാങ്കിന്റെ ശാഖയിലായിരുന്നു മോഷണം. കട്ടിയുള്ള കോൺക്രീറ്റ് ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ആയിരക്കണക്കിന് സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ തകർത്താണ് പണവും മറ്റും മോഷ്ടിച്ചത്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പിന്നാലെ നഗരം അവധിയുടെ ആലസ്യത്തിലേക്ക് കടന്നപ്പോളാണ് മോഷണം. ഡിസംബർ 24 ന് വൈകുന്നേരത്തോടെ ജർമ്മനിയിൽ മിക്ക കടകളും ബാങ്കുകളും അടയ്ക്കും. ഡിസംബർ 29 തിങ്കളാഴ്ച പുലർച്ചെ 3.58ന് ബാങ്കിലെ ഫയർ അലാറം മുഴങ്ങുകയായിരുന്നു. തുടർന്നാണ് മോഷണ വിവരം പുറത്തറിയുന്നത്. അന്വേഷിച്ചെത്തിയ പൊലീസിനെ വരവേറ്റത് ഭിത്തിയിലെ വലിയ ദ്വാരമായിരുന്നു. കുറ്റവാളികൾ പാർക്കിങ് ഗാരേജ് വഴി കെട്ടിടത്തിലേക്ക് പ്രവേശിച്ച് മോഷണ മുതലുമായി രക്ഷപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പാർക്കിങ് ഗാരേജിന്റെ പടിക്കെട്ടിൽ വലിയ ബാഗുകൾ ചുമന്ന് നിരവധിപേര്‍ ഇരിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് പറയുന്നു.
സംഭവം അറിഞ്ഞതിനു പിന്നാലെ നിരവധി ഉപഭോക്താക്കൾ ബാങ്കിനു മുന്നില്‍ തടിച്ചുകൂടി. ഉദ്യോഗസ്ഥർ പ്രവേശനം തടഞ്ഞതോടെ ആളുകള്‍ പ്രതിഷേധിച്ചു. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ആരുടെയെല്ലാം ഡെപ്പോസിറ്റ് ബോക്സുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന വിവരം പുറത്തുവിട്ടിട്ടില്ലെന്നും ഉപഭോക്താക്കളില്‍ ഒരാള്‍ ഒരാൾ വെൽറ്റ് ബ്രോഡ്കാസ്റ്ററിനോട് പറഞ്ഞു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ബ്രാഞ്ച് അടച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.