ട്രെയിനിലും ബസിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ജനലിനരികില്‍ സീറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ പിന്നെ വിമാനയാത്രയിലെ കാര്യം പറയേണ്ടല്ലോ. യാത്ര അവിസ്മരണീയമാക്കാന്‍ അധികമായി പണം നല്‍കി വിന്‍ഡോ സീറ്റ് റിസര്‍വ് ചെയ്യുന്നവരുമുണ്ട്. ആഗ്രഹിച്ച് റിസര്‍വ് ചെയ്ത വിന്‍ഡോ സീറ്റ് മറ്റൊരാള്‍ക്ക് കൊടുക്കാത്തതിന്‍റെ പേരില്‍ പൊല്ലാപ്പിലായാലോ. ബ്രസീലില്‍ നിന്നുള്ള അത്തരമൊരു വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
2024 ഡിസംബറില്‍ നടന്ന സംഭവത്തിന്‍റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. 29 കാരിയായ ജെന്നിഫര്‍ കാസ്ട്രോ എന്ന യുവതി വിമാനത്തില്‍ വിന്‍ഡോ സീറ്റ് റിസര്‍വ് ചെയ്തു. എന്നാല്‍ ജെന്നിഫര്‍ വിമാനത്തിലേക്ക് കയറുമ്പോള്‍ തന്നെ ആ സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. റിസര്‍വ് ചെയ്ത സീറ്റാണെന്നും ഒഴിഞ്ഞു തരണമെന്നും ജെന്നിഫര്‍ കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടു. മനസില്ലാമനസോടെയാണെങ്കിലും കുട്ടിയെ മാറ്റി ജെന്നിഫറിനായി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പക്ഷേ യാത്രയിലുടനീളം വിന്‍ഡോ സീറ്റില്‍ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരഞ്ഞ് ബഹളം വച്ചു. പക്ഷേ കുട്ടിക്കായി സീറ്റ് വിട്ടുകൊടുക്കാന്‍ ജെന്നിഫര്‍ തയ്യാറായില്ല. ഈ ദൃശ്യങ്ങളത്രയും ഒരു യാത്രക്കാരന്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
വിഡിയോ വയറലായതിന് പിന്നാലെ ജെന്നിഫറിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തുവന്നു. ഇതോടെ ഇവരുടെ വ്യക്തി ജീവിതവത്തെയും ജോലിയെയുമൊക്കെ ഇത് ബാധിച്ചു. പിന്നാലെ തന്‍റെ വിഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെ ജെന്നിഫര്‍ കേസ് ഫയല്‍ ചെയ്തു. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്. ഇത്തരമൊരു പ്രശ്നമുണ്ടായിട്ടും എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് യാതൊരു സഹായവും ചെയ്ത് നല്‍കില്ല എന്നും ജെന്നിഫര്‍ പറയുന്നു.